പൂനെയില്‍ നിര്‍മ്മാണത്തിലിരുന്ന കെട്ടിടം തകര്‍ന്നു, ആറ് മരണം, നിരവധി പേര്‍ക്ക് പരിക്ക്

പൂനെയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടം തകര്‍ന്നുവീണ് ആറ് തൊഴിലാളികള്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. പൂനെയിലെ യെരവാഡ മേഖലയിലെ ശാസ്ത്രിനഗര്‍ പ്രദേശത്താണ് സംഭവം.

ഇന്നലെ രാത്രി 11 മണിയോടെയാണ് അപകടമുണ്ടായത്. കെട്ടിടത്തില്‍ പണിയെടുക്കുകയായിരുന്ന പത്തിലധികം തൊഴിലാളികള്‍ കുടുങ്ങിപ്പോയി. ആറ് പേര്‍ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചതായി പൊലീസ് പറഞ്ഞു. മാളിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടെയാണ് ഭാരമേറിയ സ്റ്റീല്‍ നിര്‍മ്മാണം തകര്‍ന്നത്. എല്ലാ തൊഴിലാളികളും ബിഹാറില്‍ നിന്നുള്ളവരാണ്. തകര്‍ച്ചയുടെ കാരണം അന്വേഷിച്ച് വരികയാണെന്ന് പൂനെ ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ രോഹിദാസ് പവാര്‍ പറഞ്ഞു.

സ്ഥലത്ത് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാത്തതാണ് ദുരന്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ജോലിക്കിടെ തൊഴിലാളികള്‍ക്ക് വേണ്ട വിശ്രമമോ ഇടവേളകളോ ലഭിച്ചിരുന്നില്ലെന്നാണ് സ്ഥലം എം.എല്‍.എ സുനില്‍ ടിംഗ്രെ പറയുന്നത്.

അപകടത്തില്‍ ദുഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അദ്ദേഹം അനുശോചനം അറിയിച്ചു.