രാഹുലിന് കശ്മീര്‍ ടൂര്‍ നടത്തണമെങ്കില്‍ സഹായങ്ങള്‍ ചെയ്തു നല്‍കാം; പരിഹാസവുമായി ശിവസേന

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗന്ധിയെയും പ്രതിപക്ഷ നേതാക്കളെയും ശ്രീനഗര്‍ വിമാനത്താവളത്തില്‍ വച്ച തിരച്ചയച്ച സംഭവത്തെ പരിഹസിച്ച് ശിവസേന എം.പി. ജമ്മുകശ്മീരിലേക്ക് വിനോദ സഞ്ചാരത്തിന് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് താല്‍പര്യമുണ്ടെങ്കില്‍ വേണ്ട സഹായങ്ങള്‍ ചെയ്ത് നല്‍കാമെന്ന് ശിവസേന എം.പി സഞ്ജയ് റോട്ട് പറഞ്ഞു.

“ജമ്മുകശ്മീരിലെ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് ആസ്വദിക്കാന്‍ രാഹുല്‍ഗാന്ധിക്ക് ആഗ്രഹമുണ്ടെങ്കില്‍ ടൂറിസം വകുപ്പുമായി ബന്ധപ്പെട്ട് അദ്ദേഹത്തിനുവേണ്ട സഹായങ്ങള്‍ ചെയ്തു നല്‍കാം. സാഹചര്യം അപകടകരമാകാന്‍ സാദ്ധ്യതയുള്ളതിനാലാണ് കഴിഞ്ഞദിവസം അദ്ദേഹത്തെ തിരിച്ചയച്ചത്.”റോട്ട് എ.എന്‍.ഐയോടു പറഞ്ഞു.

” ആരുടെ ആഗ്രഹമാണ് കശ്മീരില്‍ നടപ്പിലായതെന്ന് ഞാന്‍ പറയില്ല. പക്ഷേ, രാജ്യത്തെ ഓരോ പൗരനും ആഗ്രഹിച്ച കാര്യമാണ് നടന്നത്. ഈ തീരുമാനം നടപ്പിലാക്കിയ കേന്ദ്ര ആഭ്യന്തര മന്ത്രിയോട് നന്ദിയറിയിക്കുന്നു.”സഞ്ജയ് റോട്ട് പറഞ്ഞു.

കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് പിന്നാലെ സംസ്ഥാനത്തെ സ്ഥിതിഗതികള്‍ നേരിട്ട് മനസ്സിലാക്കുന്നതിനും സൈന്യവും ജനങ്ങളുമായി ചര്‍ച്ച നടത്തുന്നതിനുമായാണ് രാഹുല്‍ ഗാന്ധി ഉള്‍പ്പെടുന്ന 11 അംഗ സംഘം പുറപ്പെട്ടത്.

കോണ്‍ഗ്രസ് നേതാക്കളായ ഗുലാം നബി ആസാദ്, ആനന്ദ് ശര്‍മ, സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സി.പി.ഐ ജനറല്‍ സെക്രട്ടറി ഡി.രാജ, ആര്‍.ജെ.ഡി നേതാവ് മനോജ് ഝാ തുടങ്ങിയവരടങ്ങുന്ന സംഘമാണ് കശ്മീരിലേക്ക് പുറപ്പെട്ടത്. എന്നാല്‍, ശ്രീനഗര്‍ വിമാനത്താവളത്തിലെത്തിയ ഇവരെ പുറത്തിറങ്ങാന്‍ ഭരണകൂടം അനുവദിച്ചില്ല. തുടര്‍ന്ന് ഇവര്‍ തിരിച്ചുപോരുകയായിരുന്നു.