വ്യോമസേനയുടെ സുഖോയ് യുദ്ധവിമാനം ലാന്‍ഡിങ്ങിനിടെ അപകടത്തില്‍പ്പെട്ടു. അപകടത്തിന് പിന്നാലെ പൂനെ അന്താരാഷ്ട്ര വിമാനത്താവളത്തിലെ റണ്‍വേ താല്‍ക്കാലികമായി അടച്ചിരുന്നു.കഴിഞ്ഞ ദിവസം രാത്രി 10.25ഓടെയാണ് അപകടമുണ്ടായത്.
നിലവില്‍ റണ്‍വേയുടെ പ്രവര്‍ത്തനം പുനരാരംഭിച്ചിട്ടുണ്ട്. വിമാനസര്‍വീസുകള്‍ ഉടന്‍ പുനരാരംഭിക്കുമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. ലാന്‍ഡിങ്ങിനിടെ വിമാനത്തിന്റെ ചക്രങ്ങള്‍ വിന്യസിക്കുന്നതില്‍ ഉണ്ടായ തകരാറാണ് അപകടകാരണമെന്നാണ് വിലയിരുത്തല്‍.
പതിവായിട്ടുള്ള പരിശീലന പറക്കലിനിടെയായിരുന്നു അപകടം. വിമാനം റണ്‍വേയില്‍ ഇടിച്ചിറങ്ങുകയായിരുന്നു. അപകടസമയം വിമാനത്തിലുണ്ടായിരുന്ന ജീവനക്കാര്‍ സുരക്ഷിതരാണെന്നും മറ്റ് നാശനഷ്ടങ്ങള്‍ ഒന്നും സംഭവിച്ചിട്ടില്ലെന്നും വ്യോമസേന വ്യക്തമാക്കി. ഈ വര്‍ഷം സുഖോയ് 30 എംകെഐ വിമാനവുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ചെയ്യുന്ന രണ്ടാമത്തെ അപകടമാണിത്.







