രാജസ്ഥാനിൽ വ്യോമസേന യുദ്ധവിമാനം തകർന്നുവീണു; തകർന്നത് തദ്ദേശീയമായി വികസിപ്പിച്ച തേജസ്

ഇന്ത്യൻ വ്യോമസേനയുടെ തേജസ് യുദ്ധവിമാനം തകർന്നുവീണു. രാജസ്ഥാനിലെ ജയ്‌സാൽമേറിൽ ഒരു കോളേജ് ഹോസ്റ്റലിന് മുന്നിലാണ് വിമാനം തകര്‍ന്നുവീണത്. വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരും അപകടത്തിന് മുൻപേ രക്ഷപ്പെട്ടു. ആളപായം ഉണ്ടായിട്ടില്ല.

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച തേജസ് വിമാനാമാണ് തകർന്നത്. ആദ്യമായിട്ടാണ് തേജസ് വിമാനം തകരുന്നത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി വ്യോമസേന വക്താവ് അറിയിച്ചു. പൈലറ്റുമാര്‍ക്ക് പരിശീലനം നൽകുന്നതിനിടെയാണ് സംഭവം. ഒരാഴ്ച മുൻപ് പശ്ചിമ ബംഗാളിലും സമാനമായി മറ്റൊരു യുദ്ധവിമാനം തകര്‍ന്നുവീണിരുന്നു.

ഹിന്ദുസ്ഥാൻ എയ്റോനോടിക്സ് ലിമിറ്റഡ് തദ്ദേശീയമായി വികസിപ്പിച്ച ലൈറ്റ് കോമ്പാറ്റ് എയര്‍ക്രാഫ്റ്റാണ് തേജസ്. വിവരമറിഞ്ഞ ഉടൻ അഗ്നിരക്ഷാ സേനയും നാട്ടുകാരും പൊലീസും സ്ഥലത്തെത്തി. വിമാനത്തിൽ പടര്‍ന്ന തീ വെള്ളം ഉപയോഗിച്ച് അണച്ചു. അപകടത്തിൽ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം.