മോദി സർക്കാരിന് ജനങ്ങളോട് കരുണ ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു: വിലക്കയറ്റത്തെ കുറിച്ച് രാഹുൽ ഗാന്ധി

രാജ്യത്ത് പെട്രോൾ, ഡീസൽ വില കുത്തനെ വർദ്ധിച്ച സാഹചര്യത്തിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ദീപാവലി സമയത്ത് വിലക്കയറ്റം അതിന്റെ പാരമ്യത്തിലാണ് എന്ന് ബുധനാഴ്ച രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.

“ദീപാവലിയാണ്. വിലക്കയറ്റം അതിന്റെ ഉച്ചസ്ഥായിയിലാണ്. അതൊരു തമാശയല്ല. മോദി സർക്കാരിന് പൊതുജനങ്ങളോട് സംവേദനക്ഷമതയുള്ള ഒരു ഹൃദയം ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു.” രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു.

പെട്രോളിന്റെയും ഡീസലിന്റെയും നികുതിയുടെ പേരിൽ സർക്കാർ ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് രാഹുൽ ഗാന്ധിയും കോൺഗ്രസും ആരോപിച്ചു. തിങ്കളാഴ്ചയും രാഹുൽ ഗാന്ധി കേന്ദ്ര സർക്കാരിനെ വിമർശിച്ച്‌ രംഗത്തെത്തിയിരുന്നു. “പോക്കറ്റടിക്കാരെ” സൂക്ഷിക്കണമെന്ന് ജനങ്ങളോടായി ബി.ജെ.പി സർക്കാരിനെ പരിഹസിച്ച് രാഹുൽ ഗാന്ധി പറഞ്ഞു.

ചില സംസ്ഥാനങ്ങളിൽ പെട്രോൾ വില ലിറ്ററിന് 120 രൂപ കടന്നെന്നും ഇന്ധന നികുതിയിലൂടെ 2018-19ൽ 2.3 ലക്ഷം കോടി രൂപയും 2017-18ൽ 2.58 ലക്ഷം കോടി രൂപയും കേന്ദ്രം സമാഹരിച്ചെന്നും മുൻ കോൺഗ്രസ് അദ്ധ്യക്ഷൻ തന്റെ ട്വീറ്റിനൊപ്പം ഒരു വാർത്താ റിപ്പോർട്ട് ഉദ്ധരിച്ച്‌ പറഞ്ഞു.

ദീപാവലി സമ്മാനമായി മോദി സർക്കാർ ജനങ്ങൾക്ക് നൽകിയത് വിലക്കയറ്റമാണെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് ചൊവ്വാഴ്ച കേന്ദ്രസർക്കാരിനെ പരിഹസിച്ചുകൊണ്ട് പറഞ്ഞിരുന്നു.