ഞാൻ പറഞ്ഞതാണ് തെരഞ്ഞെടുപ്പിന് ശേഷം വിലക്കയറ്റത്തിന്റെ ചൂടറിയുമെന്ന്, ആദ്യം ഗ്യാസ്, അടുത്തത് പെട്രോൾ-ഡീസൽ വില; ഇതാണ് ഇലക്ഷൻ ബില്ല്; കേന്ദ്രത്തിനെതിരെ രാഹുൽ ഗാന്ധി

രാജ്യത്ത് വാണിജ്യ പാചകവാതക സിലിണ്ടർ വില ഒറ്റയടിക്ക് 993 രൂപ കൂടിയതിൽ കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ആദ്യം ഗ്യാസ് വിലയാണ് വർധിപ്പിച്ചതെന്നും അടുത്തത് പെട്രോൾ, ഡീസൽ വിലയാകുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

‘ഞാൻ പറഞ്ഞതാണ്, തെരഞ്ഞെടുപ്പിന് ശേഷം വിലക്കയറ്റത്തിൻ്റെ ചൂടറിയും. ഇന്ന്, വാണിജ്യ സിലിണ്ടറിന് 993 രൂപ കൂടി ചെലവേറിയതായി. ഇത് ഏറ്റവും ഉയർന്ന പ്രതിദിന വർധനവാണ്. ഇതാണ് ഇലക്ഷൻ ബില്ല്. ഫെബ്രുവരി മുതൽ ഇതുവരെ 1380 രൂപയാണ് വർധിച്ചത്. കഴിഞ്ഞ മൂന്ന് മാസം വിലയിൽ ഉണ്ടായ കുതിച്ചുചാട്ടം 81 ശതമാനമാണ്” രാഹുൽ ഗാന്ധി പറഞ്ഞു.

വിലക്കയറ്റത്തിൻ്റെ ആഘാതം ചായക്കടക്കാരും ഹോട്ടലുകാരും ബേക്കറിക്കാരും മധുരപലഹാരക്കടക്കാരും അനുഭവിക്കുമെന്നും വീട്ടുചെലവിനെയും ബാധിക്കുമെന്നും രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി.