മണിപ്പൂര്‍ രാജ്യത്തിന്റെ ദുഃഖം; കലാപത്തിന് വഴിവെച്ചത് ഹൈക്കോടതി ഉത്തരവ്; കുറ്റക്കാരെ വെറുതെവിടില്ല; ഒടുവില്‍ മിണ്ടി മോദി; പുറത്തേക്ക് ഇറങ്ങി പ്രതിപക്ഷം

മണിപ്പൂര്‍ രാജ്യത്തിന്റെ ദുഃഖമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മണിപ്പുരിലെ അക്രമസംഭവങ്ങളില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തില്‍ മറുപടി പറയുകയായിരുന്നു അദേഹം. മണിപ്പൂരിനെ പരാമര്‍ശിക്കാതെയാണ് ഒന്നര മണിക്കൂര്‍ അദേഹം പ്രസംഗിച്ചത്.

സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ അദേഹം മണിപ്പുരിനെക്കുറിച്ച് പരാമര്‍ശങ്ങള്‍ ആദ്യം നടത്താന്‍ തയാറായില്ല. ഇതു നിരന്തരം പ്രതിപക്ഷം ചോദ്യം ചെയ്തിരുന്നു. തുടര്‍ന്നാണ് അദേഹം മണിപ്പൂരിനെക്കുറിച്ച് പരാമര്‍ശിച്ചത്. മണിപ്പൂരില്‍ ക്രമസമാധാനം പുനഃസ്ഥാപിക്കും. കലാപത്തിന് വഴിവെച്ചത് ഹൈക്കോടതി ഉത്തരവാണ്. മണിപ്പൂരിലെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമൊപ്പം രാജ്യമുണ്ട്. കുറ്റക്കാരെ വെറുതെവിടില്ലെന്നും അദേഹം പറഞ്ഞു. മണിപ്പൂരിനെക്കുറിച്ച് ഒന്നര മണിക്കൂര്‍ പ്രധാനമന്ത്രി പരാമര്‍ശിക്കാതിരുന്നതോടെ പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ച് പുറത്തിറങ്ങി

ഇന്ത്യയിലെ ജനങ്ങള്‍ക്കു സര്‍ക്കാരില്‍ പൂര്‍ണവിശ്വാസമാണെന്നു പറഞ്ഞാണു മോദി പ്രസംഗം ആരംഭിച്ചത്. അവിശ്വാസ പ്രമേയം സര്‍ക്കാരിന്റെ പരീക്ഷണമല്ല. പ്രതിപക്ഷത്തിനുള്ള പരീക്ഷണമാണ്. അവിശ്വാസ പ്രമേയം കൊണ്ടുവന്നത് ദൈവാനുഗ്രഹമായി കാണുന്നു. 2024ലും ബിജെപിക്കു റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ വിജയമുണ്ടാകും. ജനക്ഷേമ പദ്ധതികള്‍ പാസാക്കാനുള്ള സമയമാണു പ്രമേയത്തിന്റെ ചര്‍ച്ചയിലൂടെ പാഴാക്കിക്കളഞ്ഞത്. പ്രതിപക്ഷത്തിന് അധികാരത്തോട് ആര്‍ത്തിയാണെന്നും അദേഹം വിമര്‍ശിച്ചു.

അവിശ്വാസപ്രമേയത്തില്‍ പ്രതിപക്ഷം നോബാള്‍ എറിയുമ്പോള്‍ സര്‍ക്കാര്‍ സെഞ്ച്വറി അടിക്കുകയാണ്. ഇന്ത്യയിലെ ജനങ്ങള്‍ തന്റെ സര്‍ക്കാറിലുള്ള വിശ്വാസം ആവര്‍ത്തിക്കുകയാണ്. ഈ വിശ്വാസത്തിന് അവരോട് നന്ദി പറയുകയാണ്. അവിശ്വാസ പ്രമേയത്തെ ദൈവത്തിന്റെ അനുഗ്രഹമായി കരുതുകയാണ്.

കേരളത്തിലെ എംപിമാര്‍ ഫിഷറീസ് ബില്ലിനെ പരിഗണിച്ചില്ല. അവര്‍ക്കു രാഷ്ട്രീയമാണു വലുത്. അവിശ്വാസ പ്രമേയം സര്‍ക്കാരിനു ഗുണകരമാണ്. ദരിദ്രരുടെ വിശപ്പിനേക്കാള്‍ പ്രതിപക്ഷത്തിന് വലുത് അധികാരത്തിന്റെ വിശപ്പാണ്.

വാജ്പേയി സര്‍ക്കാരിനെ അവിശ്വാസം വഴി വീഴ്ത്തി. എന്നാല്‍, പരാജയം ഉറപ്പിച്ചിട്ടും ഈ സര്‍ക്കാരിനെതിരെ രണ്ടാം അവിശ്വാസ പ്രമേയം അവതരിപ്പിക്കുകയായിരുന്നു. കോണ്‍ഗ്രസിന്റെ സഭാനേതാവിനു സംസാരിക്കാന്‍ പോലും സമയം ലഭിച്ചില്ല. പ്രതിപക്ഷത്തെ വലിയ പാര്‍ട്ടിയുടെ നേതാവിന്റെ പേര് സംസാരിക്കുന്നവരുടെ പട്ടികയിലില്ല. കൊല്‍ക്കത്തയില്‍നിന്നു ഫോണ്‍ വന്നതിനാലാണോ അദ്ദേഹത്തെ ഒഴിവാക്കിയത്?.

പ്രതിപക്ഷത്തിനു വിഘടനവാദികളെയാണു വിശ്വാസം. പ്രതിപക്ഷത്തിനു സൈന്യത്തെയും വിശ്വാസമില്ല. മിന്നലാക്രമണത്തില്‍ രാഷ്ട്രീയം കളിച്ചവരാണു പ്രതിപക്ഷം. കോണ്‍ഗ്രസിന്റെ കാലത്തു സമ്പദ്ഘടനയ്ക്കു സ്ഥിരതയുണ്ടാകില്ല. കശ്മീരിലെ നുഴഞ്ഞുകയറ്റം ഈ സര്‍ക്കാര്‍ അവസാനിപ്പിച്ചു. കോവിഡ് കാലത്ത് തദ്ദേശീയ വാക്‌സീനെ പ്രതിപക്ഷം തള്ളിപ്പറഞ്ഞു. അവര്‍ക്ക് ഇന്ത്യയുടെ ഗവേഷണ മികവില്‍ വിശ്വാസമില്ല. ഈ രാജ്യത്തെ ജനങ്ങള്‍ക്കു കോണ്‍ഗ്രസിനെയും വിശ്വാസമില്ല.”

2018ല്‍ പ്രതിപക്ഷം അവിശ്വാസപ്രമേയം കൊണ്ടു വന്നു. അന്ന് ഇത് പ്രതിപക്ഷത്തിനുള്ള പരീക്ഷണമാണെന്ന് പറഞ്ഞിരുന്നു. അടുത്ത തെരഞ്ഞെടുപ്പില്‍ വലിയ ഭൂരിപക്ഷത്തോടെ എന്‍.ഡി.എ അധികാരത്തിലെത്തി. 2024ലും എന്‍.ഡി.എ വലിയ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ തിരിച്ചെത്തും. അത് പ്രതിപക്ഷം അംഗീകരിച്ച് കഴിഞ്ഞുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

പരാജയപ്പെടുമെന്ന് ഉറപ്പുണ്ടായിട്ടും തനിക്കെതിരേ രണ്ടാം തവണയാണ് പ്രതിപക്ഷം അവിശ്വാസം കൊണ്ടുവരുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ജനം പ്രതിപക്ഷത്തോട് അവിശ്വാസം കാണിച്ചു. എല്ലാ റെക്കോര്‍ഡുകളും തകര്‍ത്ത് അടുത്ത തവണയും എന്‍ഡിഎ അധികാരത്തില്‍ വരും. 2028ല്‍ പ്രതിപക്ഷം വീണ്ടും തങ്ങള്‍ക്കെതിരേ അവിശ്വാസം കൊണ്ടുവരുമെന്നും മോദി പരിഹസിച്ചു.

പാവപ്പെട്ടവന്റെ പട്ടിണിയെ കുറിച്ച് പ്രതിപക്ഷം ചിന്തിക്കുന്നില്ല. അവര്‍ക്ക് അധികാരത്തോട് ആര്‍ത്തിയാണ്. രാജ്യത്തേക്കാള്‍ വലുത് മുന്നണിയാണെന്നും പ്രതിപക്ഷം തെളിയിച്ചുവെന്നും മോദി പറഞ്ഞു. മുന്നൊരുക്കമില്ലാതെയാണ് പ്രതിപക്ഷം പാര്‍ലമെന്റിലെത്തിയത്. അവര്‍ക്ക് മുന്നൊരുക്കം നടത്താന്‍ അഞ്ച് വര്‍ഷമുണ്ടായിരുന്നിട്ടും അത് ചെയ്തില്ലെന്നും മോദി വ്യക്തമാക്കി.

ഞങ്ങള്‍ ഇന്ത്യയുടെ പ്രശസ്തി കൂടുതല്‍ ഉയരങ്ങളിലെത്തിച്ചു, എന്നാല്‍ ലോകത്ത് നമ്മുടെ രാജ്യത്തിന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ ശ്രമിക്കുന്ന ചിലരുണ്ട്, എന്നാല്‍ ഇന്ന് ഇന്ത്യയിലുള്ള ലോകത്തിന്റെ വിശ്വാസം വര്‍ധിച്ച് കൊണ്ടിരിക്കുകയാണെന്നും പ്രതിപക്ഷത്തെ പരിഹസിച്ച് മോദി പറഞ്ഞു. മോദിയുടെ ശവക്കുഴി തോണ്ടുമെന്നാണ് പ്രതിപക്ഷത്തിന്റെ മുദ്രവാക്യമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ ഭാവിയെക്കുറിച്ചല്ല സ്വന്തം രാഷ്ട്രീയ ഭാവിയെക്കുറിച്ചാണ് പ്രതിപക്ഷത്തിന് ആശങ്ക. രാജ്യത്തെക്കാള്‍ പാര്‍ട്ടിക്ക് പ്രധാന്യം നല്‍കുന്നവരാണ് പ്രതിപക്ഷം. പ്രധാനപ്പെട്ട ബില്ലുകളുടെ കാര്യത്തില്‍ പ്രതിപക്ഷം രാഷ്ട്രീയം കളിച്ചു. അവിശ്വാസ പ്രമേയത്തിന്റെ മറവില്‍ പ്രതിപക്ഷം ജനങ്ങളുടെ ആത്മവിശ്വാസം തകര്‍ക്കാന്‍ ശ്രമിച്ചു. രാജ്യം നിങ്ങളെ നിരീക്ഷിക്കുന്നുണ്ടെന്ന കാര്യം മറക്കരുതെന്നും പ്രതിപക്ഷത്തെ വിമര്‍ശിച്ച് പ്രധാനമന്ത്രി പറഞ്ഞു.

ലോക്സഭയില്‍ 331 അംഗങ്ങളുള്ള ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ സഖ്യം അവിശ്വാസ വോട്ടെടുപ്പില്‍ വിജയിക്കുന്ന സാഹചര്യമാണ് ഉള്ളത്. ബിജെപിക്ക് മാത്രം 303 എംപിമാരാണുള്ളത്. ഭൂരിപക്ഷം വേണ്ടത് 272. പ്രതിപക്ഷമായ ഇന്ത്യ സഖ്യത്തിന് 144 എംപിമാരുണ്ട്. ബിആര്‍എസിന്റെ 9 വോട്ടുകള്‍ നേടാനായാല്‍ അംഗസംഖ്യ 152 ആയി ഉയരും. ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ.എസ്.ജഗന്‍ മോഹന്‍ റെഡ്ഡിയുടെ വൈഎസ്ആര്‍സിപിയും ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കിന്റെ ബിജെഡിയും അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കുന്നില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.

വര്‍ഷകാല സമ്മേളനത്തിന്റെ അവസാന ദിവസമായ ഓഗസ്റ്റ് 11ന് മണിപ്പുര്‍ കലാപവുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ നേരത്തെ സമ്മതിച്ചിരുന്നു. എന്നാല്‍, മണിപ്പുര്‍ വിഷയത്തില്‍ പ്രധാനമന്ത്രി പാര്‍ലമെന്റില്‍ വന്ന് സംസാരിക്കണമെന്നായിരുന്നു പ്രതിപക്ഷം നിലപാട് എടുത്തത്. ഇതിന് പിന്നാലെയാണ് അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കിയത്.