ഒരേ നമ്പറുള്ള ഐ കാർഡുകൾ; മമത ബാനർജിയുടെ ആരോപണത്തിൽ സത്യമുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ

അപാകത തുറന്നുകാട്ടി നാല് ദിവസങ്ങൾക്ക് ശേഷം, ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുള്ള ഒന്നിലധികം വോട്ടർമാർക്ക് ഒരേ നമ്പറുള്ള ഫോട്ടോ ഐ-കാർഡുകൾ ഉണ്ടെന്ന മമത ബാനർജിയുടെ ആരോപണത്തിലെ സത്യാവസ്ഥ സമ്മതിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ. എന്നാൽ, ഇത് വ്യാജ വോട്ടിംഗിന് സാധ്യത സൃഷ്ടിക്കുന്നില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.

“… ചില വോട്ടർമാരുടെ EPIC (ഇലക്ടർ ഫോട്ടോ ഐഡന്റിറ്റി കാർഡ്) നമ്പറുകൾ ഒരുപോലെയായിരിക്കാം, എന്നാൽ ഒരേ EPIC നമ്പറുള്ള വോട്ടർമാർക്ക് ജനസംഖ്യാ വിശദാംശങ്ങൾ, നിയമസഭാ മണ്ഡലം, പോളിംഗ് ബൂത്ത് എന്നിവയുൾപ്പെടെയുള്ള മറ്റ് വിശദാംശങ്ങൾ വ്യത്യസ്തമായിരിക്കും.” കമ്മീഷൻ ഞായറാഴ്ച ഒരു പ്രസ്താവനയിൽ പറഞ്ഞു.

“EPIC നമ്പർ പരിഗണിക്കാതെ തന്നെ, ഏതൊരു വോട്ടർക്കും അവരുടെ സംസ്ഥാന/കേന്ദ്രഭരണ പ്രദേശത്തെ അവരുടെ നിയുക്ത പോളിംഗ് സ്റ്റേഷനിൽ മാത്രമേ വോട്ട് ചെയ്യാൻ കഴിയൂ. അവർ വോട്ടർ പട്ടികയിൽ പേരുള്ള സ്ഥലത്താണ് വോട്ട് ചെയ്യുക. മറ്റെവിടെയും ചെയ്യുക സാധ്യമല്ല.” കമ്മീഷൻ കൂട്ടിച്ചേർത്തു.