ഞാൻ പഞ്ചാബ് മുൻ മുഖ്യമന്ത്രിയല്ല, ദയവായി എന്നെ ടാഗ്ചെയ്യല്ലേ: ഇന്ത്യൻ ഗോൾകീപ്പർ അമരീന്ദർ സിംഗ്

പഞ്ചാബ് മുൻ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗിന് പകരം വാർത്തകളിൽ തന്നെ ടാഗ് ചെയ്യുന്നത് നിർത്തണമെന്ന് ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ ഗോൾകീപ്പർ അമരീന്ദർ സിംഗ് മാധ്യമപ്രവർത്തകരോട് അഭ്യർത്ഥിച്ചു.

“പ്രിയ മാധ്യമപ്രവർത്തകരേ, ഞാൻ ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ ഗോൾകീപ്പർ അമരീന്ദർ സിംഗ് ആണ്, പഞ്ചാബിന്റെ മുൻ മുഖ്യമന്ത്രിയല്ല. ദയവായി എന്നെ ടാഗ് ചെയ്യുന്നത് നിർത്തൂ,” ഇന്ത്യയുടെ ഗോൾകീപ്പർ തന്റെ ട്വിറ്ററിൽ കുറിച്ചു.

പഞ്ചാബ് മുൻ മുഖ്യമന്ത്രി ഇന്ത്യയുടെ ഗോൾകീപ്പറുടെ അഭ്യർത്ഥന ശ്രദ്ധിക്കുകയും അദ്ദേഹത്തിന്റെ ട്വീറ്റ് റീട്വീറ്റ് ചെയ്യുകയും അദ്ദേഹത്തിന്റെ കളിക്ക് ആശംസകൾ നേരുകയും ചെയ്തു.

മുൻ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗിന്റെ രാജിയും പഞ്ചാബ് രാഷ്ട്രീയത്തിൽ ഇതിനെത്തുടർന്നുണ്ടായ ചലനങ്ങളും വാർത്താ മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും തലക്കെട്ടുകൾ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ പഞ്ചാബിലെ നിലവിലെ രാഷ്ട്രീയ നാടകം രാഷ്ട്രീയവുമായി വിദൂരബന്ധം പോലുമില്ലാത്ത ഒരു വ്യക്തിയെ അലട്ടുന്നതായാണ് ഇന്ത്യൻ ഗോൾകീപ്പർ അമരീന്ദർ സിംഗിന്റെ വാക്കുകളിൽ നിന്നും മനസ്സിലാവുന്നത്.

ട്വിറ്ററിൽ ആശയക്കുഴപ്പം ഉണ്ടായിട്ടുണ്ടെന്നും പഞ്ചാബ് രാഷ്ട്രീയ പ്രതിസന്ധിയുമായി ബന്ധപ്പെട്ട പോസ്റ്റുകളിൽ മുൻ പഞ്ചാബ് മുഖ്യമന്ത്രിക്കുപകരം ആളുകൾ തന്നെ ടാഗുചെയ്യുന്നുവെന്നും ഗോൾകീപ്പർ അമരീന്ദർ ചൂണ്ടിക്കാട്ടി.

മുൻ പഞ്ചാബ് മുഖ്യമന്ത്രിയുടെ ട്വിറ്റർ അക്കൗണ്ട് @capt_amarinder എന്ന പേരിലും ഗോൾകീപ്പർ അമരീന്ദറിന്റെ ട്വിറ്റർ ഹാൻഡിൽ @Amrinder_1 എന്നുമാണ്.