"ഞാൻ തികച്ചും ആരോഗ്യവാനാണ്": അഭ്യൂഹങ്ങൾക്ക് മറുപടിയുമായി അമിത് ഷാ

താൻ ആരോഗ്യവാനാണെന്നും ഒരു രോഗവും ബാധിച്ചിട്ടില്ലെന്നും ട്വീറ്റ് ചെയ്ത ആഭ്യന്തരമന്ത്രി അമിത് ഷാ അദ്ദേഹത്തിന്റെ ആരോഗ്യത്തെക്കുറിച്ച്‌ സോഷ്യൽ മീഡിയയിൽ അടുത്തിടെയുണ്ടായ അഭ്യൂഹങ്ങൾ തള്ളിക്കളഞ്ഞു. “ഞാൻ പൂർണ ആരോഗ്യവാനാണെന്നും ഒരു രോഗവും ബാധിച്ചിട്ടില്ലെന്നും വ്യക്തമാക്കാൻ ഞാൻ ആഗ്രഹിക്കുന്നു,” ആഭ്യന്തരമന്ത്രി എഴുതി.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ചിലർ അദ്ദേഹത്തിന്റെ ആരോഗ്യത്തെക്കുറിച്ച് അഭ്യൂഹങ്ങൾ പരത്തുന്നുണ്ടെന്ന് 55 കാരനായ ആഭ്യന്തരമന്ത്രി പറഞ്ഞു. “വാസ്തവത്തിൽ, പലരും എന്റെ മരണത്തിനായി ആഗ്രഹിക്കുന്നുവെന്ന് ട്വീറ്റ് ചെയ്തിട്ടുണ്ട്,” അമിത് ഷാ പറഞ്ഞു.

60,000 ത്തോളം ആളുകളെ ബാധിക്കുകയും 1900 പേരുടെ ജീവനെടുക്കുകയും ചെയ്ത കൊറോണ വൈറസ് പകർച്ചവ്യധിക്കെതിരെ രാജ്യം പോരാടുമ്പോൾ ആഭ്യന്തരമന്ത്രിയെന്ന നിലയിൽ തന്റെ ചുമതലകൾ നിർവഹിക്കുന്ന തിരക്കിലായതിനാൽ ഈ അഭ്യൂഹങ്ങൾ ശ്രദ്ധിച്ചില്ല എന്ന് അമിത് ഷാ പറഞ്ഞു. കഴിഞ്ഞ രണ്ട് ദിവസമായി ലക്ഷക്കണക്കിന് ബിജെപി പ്രവർത്തകർ ആശങ്ക പ്രകടിപ്പിച്ചതിനാലാണ് താൻ ഇന്ന് വ്യക്തത നൽകുന്നതെന്ന് അമിത് ഷാ പറഞ്ഞു.

തന്റെ ആരോഗ്യത്തെക്കുറിച്ചുള്ള ഇത്തരം ഊഹാപോഹങ്ങൾ തന്നെകൂടുതൽ ശക്തനാക്കുന്നുവെന്ന് കിംവദന്തികൾ പ്രചരിപ്പിക്കുന്നവരെ പരിഹസിച്ച് ആഭ്യന്തരമന്ത്രി പറഞ്ഞു. “ഇത്തരം സംഭാഷണങ്ങളിൽ ഏർപ്പെടുന്നത് അവസാനിപ്പിക്കാനും എന്റെ ജോലി ചെയ്യാൻ എന്നെ അനുവദിക്കാനും ഞാൻ ആളുകളോട് അഭ്യർത്ഥിക്കുന്നു, അവർ അവരുടെ കാര്യവും നോക്കി മുന്നോട്ട് പോകണം,” അമിത് ഷാ കൂട്ടിച്ചേർത്തു.

തന്റെ ആരോഗ്യസ്ഥിതി അന്വേഷിച്ച ബിജെപിയുടെ അഭ്യുദയകാംക്ഷികൾക്കും പ്രവർത്തകർക്കും അമിത് ഷാ നന്ദി പറഞ്ഞു. കിംവദന്തികൾ പ്രചരിപ്പിക്കുന്നവരോട് തനിക്ക് വിദ്വേഷമില്ലെന്ന് പറഞ്ഞ് അമിത് ഷാ സന്ദേശം അവസാനിപ്പിച്ചു.