ഡൽഹിയിൽ കലാപത്തിനിടെ സ്കൂൾ കുട്ടികൾക്ക് സുരക്ഷിതമായ യാത്ര ഉറപ്പാക്കുന്നതിന് മനുഷ്യ ചങ്ങല ഒരുക്കി യമുന വിഹാർ നിവാസികൾ

വടക്കുകിഴക്കൻ ഡൽഹിയിൽ മൂന്നു ദിവസമായി തുടരുന്ന കലാപത്തെ തുടർന്ന് ഇന്ത്യയുടെ തലസ്ഥാനം അക്ഷരാർത്ഥത്തിൽ നരകമായി മാറിയിരിക്കുകയാണ്. അക്രമത്തെ നിയന്ത്രിക്കാൻ കാര്യക്ഷമമായ നടപടികളൊന്നും സർക്കാർ ഇതുവരെയും സ്വീകരിച്ചിട്ടില്ല.

കഴിഞ്ഞ രണ്ട് ദിവസത്തെ ഭീകരതയ്ക്കിടയിൽ സാധാരണ ജനങ്ങൾ ക്രമസമാധാനവും സുരക്ഷയും കാത്തു സൂക്ഷിക്കുന്നതിനുള്ള നടപടികൾ സ്വയം സ്വീകരിക്കുന്നതിന്റെ കാഴ്ചകളും ഇതിനിടെ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവരുന്നുണ്ട്.

ഡൽഹിയിൽ യമുന വിഹാറിൽ, ഒരു കൂട്ടം ആളുകൾ സ്കൂൾ കുട്ടികൾക്ക് സുരക്ഷിതമായി കടന്നുപോകുന്നതിനായി ഒരു മനുഷ്യശൃംഖല രൂപീകരിച്ചത് ഇതിന് ഒരു ഉദാഹരണമാണ്. മാധ്യമ പ്രവർത്തകൻ ബോധിസത്വ സെൻ റോയ് ആണ് തന്റെ ട്വിറ്റർ അക്കൗണ്ടിൽ ഇതിന്റെ വീഡിയോ പങ്കുവെച്ചത്.

സാധാരക്കാരുടെ സുരക്ഷയ്ക്ക് വ്യക്തമായ ഭീഷണി ഉണ്ടായിരുന്നിട്ടും പ്രദേശത്ത് ഒരു പൊലീസ് ഉദ്യോഗസ്ഥരും ഉണ്ടായിരുന്നില്ലെന്നും ട്വീറ്റിൽ പറയുന്നു.