റോഹിങ്ക്യന്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ വീണ്ടും തീപിടുത്തം; വീടുകള്‍ നഷ്ടപ്പെട്ട് അഭയാര്‍ത്ഥികള്‍

ബംഗ്ലാദേശിലെ റോഹിങ്ക്യന്‍ അഭയാര്‍ഥി ക്യാമ്പില്‍ വന്‍ തീപിടിത്തം. നിരവധി വീടുകള്‍ കത്തി നശിച്ചു. കോക്‌സിലെ ബസാറിലെ ക്യാമ്പ് 11ല്‍ ആണ് തീപിടുത്തമുണ്ടായത്. ആളപായത്തെ കുറിച്ച് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

തീ നിയന്ത്രണവിധേയമായെന്ന് ഫയര്‍ഫോഴ്സ് വ്യക്തമാക്കി. അഭയാര്‍ത്ഥി ദുരിതാശ്വാസ വകുപ്പുകളില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സ്ഥലത്തുണ്ടെന്നും കോക്സ് ബസാറിലെ അഡീഷണല്‍ പോലീസ് സൂപ്രണ്ട് റഫീഖുല്‍ ഇസ്ലാം വ്യക്തമാക്കി.

തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ലെന്ന് പ്രാദേശിക പൊലീസ് ഉദ്യോഗസ്ഥന്‍ ഫാറൂഖ് അഹമ്മദ് പറഞ്ഞു. തകര്‍ന്ന വീടുകളുടെ കണക്ക് പൊലീസ് ഉദ്യോഗസ്ഥരും നല്‍കിയിട്ടില്ല. അതേസമയം, നേരത്തെയും കോക്സ് ബസാറിലെ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ തീപിടുത്തമുണ്ടായിരുന്നു.

2021 മാര്‍ച്ചില്‍ ഉണ്ടായ വന്‍ തീപിടിത്തത്തില്‍ 15 അഭയാര്‍ത്ഥികള്‍ കൊല്ലപ്പെടുകയും പതിനായിരത്തിലധികം വീടുകള്‍ നശിക്കുകയും ചെയ്തിരുന്നു. 2017ല്‍ മ്യാന്‍മറില്‍ സൈന്യത്തിന്റെ അടിച്ചമര്‍ത്തലില്‍ നിന്ന് പലായനം ചെയ്ത് ബംഗ്ലാദേശിലെത്തിയവരാണ് ക്യാമ്പിലുള്ളത്.