'ഇറക്കം കുറഞ്ഞ പാശ്ചാത്യ വസ്ത്രങ്ങൾ സംസ്‌കാരത്തിന് ചേർന്നതല്ല'; ഫാഷൻ ഷോ റിഹേഴ്സൽ തടസപ്പെടുത്തി ഹിന്ദുത്വ സംഘടന, മോഡലുകൾ കാരണം പരിസ്ഥിതി നശിച്ചുവെന്ന് ആരോപണം

ഉത്തരാഖണ്ഡിൽ ഫാഷൻ ഷോ റിഹേഴ്‌സൽ തടസപ്പെടുത്തി ഹിന്ദുത്വ സംഘടന പ്രവർത്തകർ. ഇറക്കം കുറഞ്ഞ പാശ്ചാത്യ വസ്ത്രങ്ങൾ സംസ്‌കാരത്തിന് ചേർന്നതല്ലെന്ന് വാദിച്ചാണ് ഒരു സംഘം പരിപാടി തടസപ്പെടുത്തിയത്. പാശ്ചാത്യ വസ്ത്രം ധരിച്ച യുവതികൾ റാംപ് വാക്ക് നടത്തുന്നത് നഗരത്തിന്റെ ആത്മീയ പ്രതിച്ഛായക്ക് വിരുദ്ധമാണെന്നായിരുന്നു ആരോപണം.ഉത്തരാഖണ്ഡിലെ ഋഷികേശിലാണ് സംഭവം.

ദീപാവലിയ്ക്ക് മുന്നോടിയായി ലയൺസ് ക്ലബ് ഋഷികേശ് റോയൽ സംഘടിപ്പിച്ച പരിപാടിയിലാണ് യുവതികൾ റാംപ് വാക്കിനായി പരിശീലനം നടത്തിയത്. ഹിന്ദുത്വ സംഘടനാ പ്രവർത്തകരും മോഡലുകളും തമ്മിൽ വാക്കുതർക്കമുണ്ടാകുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഉത്തരാഖണ്ഡിലെ സ്ത്രീകൾ വീടുവിട്ട് പോകുന്നതിന് കാരണം മോഡലുകളാണെന്നും ഇവർ കാരണം പരിസ്ഥിതി നശിച്ചുവമെന്നുമാണ് ഹിന്ദുത്വവാദികൾ ആരോപിക്കുന്നത്.

ഹോട്ടലിൽ റിഹേഴ്‌സൽ നടക്കുന്നതിനിടെ രാഷ്ട്രീയ ഹിന്ദു ശക്തി സംഗതൻ എന്ന സംഘടനയുടെ പ്രസിഡന്റ് രാഘവേന്ദ്ര ഭട്ടാൻഗറും പ്രവർത്തകരും സ്ഥലത്തെത്തി പരിശീലനം തടസപ്പെടുത്തുകയായിരുന്നു. പാശ്ചാത്യ വസ്ത്രം ധരിച്ചുളള റാംപ് വാക്ക് ഋഷികേശിന്റെ സ്വത്വത്തിനും സനാതന മൂല്യങ്ങൾക്കും വിരുദ്ധമാണെന്ന് രാഘവേന്ദ്ര ഭട്ടാൻകർ പറഞ്ഞു. ‘സനാതന ധർമം സ്ത്രീകളെ മാന്യമായി വസ്ത്രം ധരിക്കാനാണ് പഠിപ്പിക്കുന്നത്. ഇത്തരം സംഭവങ്ങൾ സാമൂഹികവും മതപരവുമായ വികാരങ്ങളെ വ്രണപ്പെടുത്തുന്നതാണ്’ എന്നും രാഘവേന്ദ്ര ഭട്ടാൻകർ പറഞ്ഞു.

Read more

അതേസമയം, ‘മിസ് ഋഷികേശി’നെ തിരഞ്ഞെടുക്കാനായാണ് പരിപാടി നടത്തിയതെന്നും അവസരങ്ങൾ തേടാൻ യുവതികളെ പ്രോത്സാഹിപ്പിക്കുകയായിരുന്നു പരിപാടിയുടെ ലക്ഷ്യമെന്നും ലയൺസ് ക്ലബ് പ്രസിഡന്റ് പങ്കജ് ചന്ദാനി പറഞ്ഞു. ആരുടെയും മതപരമോ സാംസ്‌കാരികമോ ആയ വികാരങ്ങളെയും വിശ്വാസങ്ങളെയും വ്രണപ്പെടുത്തുകയല്ല തങ്ങളുടെ ലക്ഷ്യമെന്നും പങ്കജ് വ്യക്തമാക്കി.