ബീഫ് ക്ഷാമം പരിഹരിക്കുമെന്ന് ഗോവ മുഖ്യമന്ത്രി, ഹിന്ദുത്വം ഇരട്ടത്താപ്പും കാപട്യവുമെന്ന് ശശി തരൂർ

ഹിന്ദുത്വം എന്നത് ഇരട്ടത്താപ്പും കാപട്യവും നിറഞ്ഞ ഒന്നാണെന്ന് ശശി തരൂർ എം.പി അഭിപ്രായപ്പെട്ടു. ഗോവയിൽ ബീഫ് ക്ഷാമം പരിഹരിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ഗോവ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ പ്രമോദ് സാവന്ത് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഈ പ്രസ്താവനയെ പരിഹസിച്ചു കൊണ്ടാണ് ശശി തരൂർ ഹിന്ദുത്വ രാഷ്ട്രീയത്തെ വിമർശിച്ച് ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടത്‌.

“ഹിന്ദുമതവും ഹിന്ദുത്വവും തമ്മിലുള്ള വ്യത്യാസം എന്തെന്നാൽ ആദ്യത്തേത് എല്ലാത്തിനെയും ഉൾക്കൊള്ളുന്ന ഒന്നാണ്, രണ്ടാമത്തേത് വിവേചനപരമാണ്. ഹിന്ദുമതം സത്യാന്വേഷണമാണ്, ഹിന്ദുത്വം ഇരട്ടത്താപ്പിലും കാപട്യത്തിലും മുങ്ങി നിൽക്കുന്ന ഒന്നാണ്. ഓരോ ദിവസവും ഇക്കാര്യം സ്ഥിരീകരിക്കപ്പെടുന്നു.” എന്നാണ് ശശി തരൂരിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്.

സംസ്ഥാനത്തെ ബീഫ് ക്ഷാമത്തെക്കുറിച്ച് തന്റെ സർക്കാരിന് അറിയാമെന്നും പ്രശ്‌നം പരിഹരിക്കാനുള്ള ക്രമീകരണങ്ങൾ നടക്കുന്നുണ്ടെന്നും ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞതായുള്ള പി.ടി.ഐ റിപ്പോർട്ടും ശശി തരൂർ ഫെയ്സ്ബുക്ക് കുറിപ്പിനോടൊപ്പം ചേർത്തിട്ടുണ്ട്.

ഹിന്ദുത്വ രാഷ്ട്രീയം മുന്നോട്ട് വെയ്ക്കുന്ന ബി.ജെ.പി സർക്കാർ, ഇന്ത്യയിൽ മിക്ക സംസ്ഥാനങ്ങളിലും ഗോവധ നിരോധനം നടപ്പിലാക്കിയിട്ടുണ്ട്. ഗോസംരക്ഷണത്തിന്റെ പേരിൽ ഹിന്ദുത്വവാദികൾ നടത്തുന്ന ആൾക്കൂട്ട ആക്രമണങ്ങളും കൊലപാതകങ്ങളും വർദ്ധിച്ച സാഹചര്യമാണ് ബി.ജെ.പി അധികാരത്തിൽ വന്നതിന് ശേഷം ഉണ്ടായിട്ടുള്ളത്. ഈ പശ്ചാത്തലത്തിലാണ് ശശി തരൂരിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്.