'ഏറെ സ്വാധീനമുള്ളയാൾ'; പ്രകൃതിവിരുദ്ധ പീഡന കേസിൽ സൂരജ് രേവണ്ണയുടെ ജാമ്യാപേക്ഷ കോടതി വീണ്ടും തള്ളി

കർണാടക എംഎൽസി സൂരജ് രേവണ്ണയുടെ ജാമ്യാപേക്ഷ വീണ്ടും തള്ളി കോടതി. സൂരജ് ഏറെ സ്വാധീനമുള്ള ആളാണെന്നും ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കാനിടയുണ്ടെന്നും സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കോടതിയിൽ പറഞ്ഞു. പ്രകൃതിവിരുദ്ധ പീഡനക്കേസിലാണ് സൂരജ് അറസ്റ്റിലായത്.

അർക്കൽഗുഡ് സ്വദേശിയായ 27കാരന്റെ പരാതിയിൽ ഐപിസി 377, 342, 506, 34 വകുപ്പുകൾ പ്രകാരമാണ് സൂരജിനെതിരെ കേസെടുത്തത്. സൂരജിനെതിരായ പരാതി രാഷ്ട്രീയ പ്രേരിതമാണെന്ന പ്രതിഭാഗം അഭിഭാഷകന്റെ വാദം കോടതി അംഗീകരിച്ചില്ല. ജെഡി (എസ്) പ്രവർത്തകനായ പരാതിക്കാരൻ സ്വകാര്യ ചാനലിലൂടെ ആരോപണമുന്നയിക്കുകയും പിന്നീട് പൊലീസിൽ പരാതി നൽകുകയുമായിരുന്നു.

ജൂൺ 16ന് ഹൊളെനരസിപൂരിലെ സൂരജിന്റെ ഫാം ഹൗസിൽവച്ച് തന്നെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്നാണ് യുവാവിന്റെ പരാതി. പീഡന വിവരം പുറത്തു പറഞ്ഞാൽ ഗുരുതര പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു. സൂരജിന്റെ അടുത്ത അനുയായി ആയ മറ്റൊരു ജെഡി (എസ്) പ്രവർത്തകനും പീഡനാരോപണവുമായി രംഗത്തെത്തിയിരുന്നു. ഈ പരാതിയിലും കേസെടുത്തിട്ടുണ്ട്.

ലൈംഗികാതിക്രമക്കേസിൽ അറസ്റ്റിലായ ഹാസൻ മുൻ എംപി പ്രജ്വൽ രേവണ്ണയുടെ സഹോദരനാണ് സൂരജ്. ഹൊളെനരസിപൂർ എംഎൽഎയും മുൻ മന്ത്രിയുമായ എച്ച്ഡി രേവണ്ണയുടെ മകനും ജെഡി (എസ്) അധ്യക്ഷൻ എച്ച്ഡി ദേവഗൗഡയുടെ പൗത്രനുമാണ്.