അദ്ദേഹത്തെ കേരളം ദത്തെടുത്തതാകാം; മഹാബലിക്ക് ഓണവുമായി ബന്ധമില്ല: വി. മുരളീധരന്‍

മഹാബലിക്ക് ഓണവുമായി ഒരു ബന്ധവുമില്ലെന്ന് ബിജെപി നേതാവും കേന്ദ്ര വിദേശകാര്യ സഹമന്ത്രിയുമായ വി മുരളീധരന്‍. മഹാബലി കേരളം ഭരിച്ചതിന് ചരിത്രപരമായ തെളിവില്ല. നര്‍മദ നദിയുടെ തീര പ്രദേശം ഭരിച്ചിരുന്ന രാജാവ് ആണ് മഹാബലി എന്നും വി മുരളീധരന്‍ പറഞ്ഞു.

ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ ബിജെപി അനുകൂല സംഘടനകളുടെ ഓണാഘോഷ പരിപാടിക്കിടെയായിരുന്നു കേന്ദ്രമന്ത്രിയുടെ ഈ പരാമര്‍ശം.

‘ഓണവുമായുളള മഹാബലിയുടെ ബന്ധം മനസിലാകുന്നില്ല. മഹാബലിയെ കേരളം ദത്തെടുത്തതാകാം. വാമനന്‍ മഹാബലിക്ക് മോക്ഷം നല്‍കുകയായിരുന്നുവെന്നാണ് ഐതിഹ്യം പറയുന്നതെന്നും’ വി മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. ഇനിമുതല്‍ ഓണാഘോഷം ആചാരപ്പൊലിമയോടെ നടത്താന്‍ ബിജെപി പ്രചാരണം സംഘടിപ്പിക്കുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു.

മഹാബലി സങ്കല്‍പ്പത്തിനാണ് ഇപ്പോള്‍ കേരളത്തിലെ ഓണാഘോഷത്തില്‍ മുഖ്യപങ്ക്. ഇത് മാറ്റി വാമനാവതാരവുമായി ബന്ധപ്പെടുത്തി ആഘോഷിക്കാനും വിവാദങ്ങളുണ്ടാവാത്ത തരത്തില്‍ പ്രചാരണ പരിപാടികള്‍ നടത്താനും ബിജെപി പ്രചാരണമുണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. മുമ്പ് തിരുവോണനാളില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വാമന ജയന്തി ആശംസകള്‍ നേര്‍ന്നത് വിവാദമായിരുന്നു.