കര്‍ഷകര്‍ക്കെതിരെ നിലപാട് കടുപ്പിച്ച് ഹരിയാന പൊലീസ്; സമരം ചെയ്യുന്നവരുടെ പാസ്‌പോര്‍ട്ട് റദ്ദാക്കാന്‍ നീക്കം

ശംഭു അതിര്‍ത്തിയില്‍ സമരം ചെയ്യുന്ന കര്‍ഷകരുടെ പാസ്‌പോര്‍ട്ട് റദ്ദാക്കാന്‍ ഹരിയാന പൊലീസ്. സമരത്തില്‍ പങ്കെടുത്ത കര്‍ഷകരില്‍ തിരിച്ചറിഞ്ഞവരുടെ വിവരങ്ങള്‍ ഹരിയാന പൊലീസ് ആഭ്യന്തര മന്ത്രാലയത്തിന് കൈമാറിയിട്ടുണ്ട്. ഡല്‍ഹിയിലേക്കുള്ള മാര്‍ച്ച് സുരക്ഷ ഉദ്യോഗസ്ഥര്‍ തടഞ്ഞതിനെ തുടര്‍ന്ന് കര്‍ഷകര്‍ ഖനൗരി-ശംഭു പ്രദേശങ്ങളില്‍ ക്യാമ്പ് ചെയ്തിരുന്നു.

സമരത്തിന്റെ അടുത്ത ഘട്ടം സമരക്കാര്‍ ഇന്ന് പ്രഖ്യാപിക്കും. ശുഭ്കരന്‍ സിംഗ് സമരത്തിനിടെ വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ എട്ട് ദിവസം കഴിഞ്ഞിട്ടും പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല. ശുഭ്കരന്‍ സിംഗിന്റെ മരണത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ കര്‍ഷക നേതാക്കള്‍ പൊലീസിന് നല്‍കിയ സമയം ഇന്ന് അവസാനിക്കും.

എട്ട് ദിവസം പിന്നിടുമ്പോഴും ശുഭ്കരന്‍ സിംഗിന്റെ മൃതദേഹം ആശുപത്രിയില്‍ തന്നെ സൂക്ഷിച്ചിരിക്കുകയാണ്. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാത്ത പക്ഷം കര്‍ഷകര്‍ പഞ്ചാബ് സര്‍ക്കാരിനെതിരെ ശക്തമായ സമരത്തിലേക്ക് കടക്കും. അടുത്ത മാസം ഡല്‍ഹിയില്‍ നടത്തുമെന്ന് നേരത്തെ പ്രഖ്യാപിച്ച മഹാപഞ്ചായത്തിന്റെ മുന്നൊരുക്കങ്ങള്‍ സംബന്ധിച്ച് ഇന്ന് ചേരുന്ന യോഗം വിലയിരുത്തും.