"കൈകൾ കൂപ്പി അഭ്യർത്ഥിക്കുന്നു കുറ്റവാളികളെ തൂക്കിലേറ്റുക": ഹത്രാസ് കേസിൽ അരവിന്ദ് കെജ്‌രിവാൾ

യു.പി സർക്കാരിനെതിരെ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ, ഭീം ആർമി മേധാവി ചന്ദ്രശേഖർ ആസാദ്, അനുയായികൾ എന്നിവർ ഇന്ന് വൈകുന്നേരം ഡൽഹിയിലെ ജന്തർ മന്തറിൽ പ്രതിഷേധിച്ചു. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ തടയാൻ പര്യാപ്തമായതൊന്നും ചെയ്യുന്നില്ലെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. ഉത്തർപ്രദേശിലെ ഹാത്രാസിൽ 20- കാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ നീതി ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികളുടെ നേതാക്കൾ ഉൾപ്പെടെ നൂറുകണക്കിന് ആളുകൾ പ്രതിഷേധത്തിൽ പങ്കെടുത്തു.

“അതിയായ ദുഃഖത്തോടെ ആണ് ഇന്നിവിടെ ഒത്തുകൂടിയിരിക്കുന്നത്. നമ്മുടെ മകളുടെ ആത്മാവിന് സമാധാനം ലഭിക്കുവാൻ ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു. ഞാൻ കൈകൾ കൂപ്പി ഉത്തർപ്രദേശ് സർക്കാരിനോട് അഭ്യർത്ഥിക്കുന്നു, കുറ്റവാളികളെ എത്രയും വേഗം തൂക്കിലേറ്റണം. ആരും ഇനി ഇതുപോലുള്ള ഒരു കുറ്റകൃത്യം ചെയ്യാൻ ധൈര്യപ്പെടാത്ത രീതിയിൽ ഉള്ള ശിക്ഷ അവർക്ക് ലഭിക്കണം,” അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു.

ഞാൻ ഹത്രാസ് സന്ദർശിക്കും. യുപി മുഖ്യമന്ത്രി രാജിവെയ്ക്കുന്നതു വരെ, നീതി ലഭിക്കുന്നതു വരെ ഞങ്ങളുടെ പോരാട്ടം തുടരും, സംഭവത്തെ കുറിച്ച് സുപ്രീം കോടതി അന്വേഷിക്കണമെന്ന് അഭ്യർത്ഥിക്കുന്നു,” ചന്ദ്രശേഖർ ആസാദ് ട്വീറ്റ് ചെയ്തു.

“യുപി സർക്കാരിന് അധികാരത്തിൽ തുടരാൻ അവകാശമില്ല. നീതി ലഭിക്കണമെന്നാണ് ഞങ്ങളുടെ ആവശ്യം,” പ്രതിഷേധത്തിൽ പങ്കെടുത്ത സിപിഐ എം നേതാവ് സീതാറാം യെച്ചൂരി പറഞ്ഞു.

“ഇത്തരം ഭീകരമായ കുറ്റകൃത്യത്തെ കുറിച്ച് കേന്ദ്ര സർക്കാരിന്റെയും ബിജെപിയുടെ ഉന്നത നേതൃത്വത്തിന്റെയും നിശ്ശബ്ദതയും അതിനു ശേഷം യു.പി സർക്കാരിന്റെ പ്രതികരണവും ഭരണകക്ഷിയുടെ സ്വേച്ഛാധിപത്യ, ജനാധിപത്യ വിരുദ്ധ മുഖം, തന്ത്രം, ചരിത്രം, ചിന്ത എന്നിവ വ്യക്തമാക്കുന്നു,” അദ്ദേഹം പറഞ്ഞു.