ഇന്ന് പലരും അനുഭവിക്കുന്ന ഒരു ബുദ്ധിമുട്ടാണ് മുടികൊഴിച്ചിൽ. ഇത് പുരുഷന്മാരെയും സ്ത്രീകളെയും പലപ്പോഴും ഉത്കണ്ഠയിലേക്കും ആത്മവിശ്വാസക്കുറവിലേക്കും നയിക്കുന്ന ഒരു ഘടകമാണ്. ഒരു സുപ്രഭാതത്തിൽ മുടി മൊത്തം കൊഴിഞ്ഞ് മൊട്ടയാകുന്ന അവസ്ഥ അങ്ങനെ അധികം ആർക്കും ചിന്തിക്കാൻ കഴിയാത്ത ഒന്നാണ്. അത്തരത്തിൽ മഹാരാഷ്ട്രയിലെ ബുൽദാന ജില്ലയിൽ ആളുകളുടെ മുടി വ്യാപകമായി കൊഴിയുന്ന അവസ്ഥ ഞെട്ടിക്കുന്നതാണ്.
ഒരു സുപ്രഭാതത്തിൽ ഇതുവരെ മുടികൊഴിച്ചിൽ അനുഭവിക്കാത്തവരുടെ മുടി കൊടിയാൻ തുടങ്ങുന്നു. തുടർന്ന് ദിവസങ്ങൾക്കുള്ളിൽ തല മൊട്ടയാവുന്നു… അതും പ്രായ, ലിംഗ ഭേദമന്യേ. മഹാരാഷ്ട്രയിലെ ബുൽദാന ജില്ലയിലാണ് ആളുകളെ ഞെട്ടിച്ച് പുതിയ പ്രതിഭാസം പടർന്നുപിടിച്ചിരിക്കുന്നത്. ഇതുവരെ 50 പേർക്കാണ് ഇതുവരെ പൂർണമായും മുടികൊഴിഞ്ഞിരിക്കുന്നത്. ആളുകളിൽ പരിഭ്രാന്ത്രി പടർന്നതോടെ അധികാരികൾ അന്വേഷണമാരംഭിച്ചിട്ടുണ്ട്.
നിരവധിപേരുടെ മുടിയാണ് ഒറ്റയാഴ്‌ചകൊണ്ട് കൊഴിഞ്ഞത്. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ മഹാരാഷ്ട്രയിലെ ബുൽധാന ജില്ലയിലുള്ള മൂന്ന് ഗ്രാമങ്ങളിൽ ആശങ്ക പടരുകയാണ്. ബോർഗാവ്, കൽവാഡ്, ഹിഗ്ന ഗ്രാമങ്ങളിലാണ് മുടികൊഴിച്ചിൽ ആശങ്ക സൃഷ്‌ടിക്കുന്നത്. സ്ത്രീകളും പുരുഷന്മാരും അടക്കമുള്ളവരുടെ മുടി കൊഴിയുന്നുവെന്നാണ് ഗ്രാമീണർ പറയുന്നത്.
മുടി കൊഴിഞ്ഞു തുടങ്ങിയാൽ ഒറ്റയാഴ്ചകൊണ്ട് കഷണ്ടിയാകും. മുടികൊഴിച്ചിലിന്റെ ദൃശ്യങ്ങൾ പലരും സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. നിലവിൽ അമ്പതോളം പേർക്കാണ് മുടികൊഴിച്ചിലുള്ളത്. എന്നാൽ ഇവരുടെ എണ്ണം വർധിക്കാനിടയുണ്ടെന്നാണ് ഡോക്‌ടർമാർ കരുതുന്നത്. ജലസ്രോതസുകൾ മലിനമായതോ മറ്റ് ആരോഗ്യ പ്രശ്നങ്ങളോ മുടികൊഴിച്ചിലിന് കാരണമായേക്കാമെന്നാണ് ഡോക്‌ടർമാർ വിലയിരുത്തുന്നത്.
അതേസമയം ഈ അപൂർവ പ്രതിഭാസത്തിൽ ആശങ്കയിലായ ജനങ്ങൾ ഉന്നത ഉദ്യോഗസ്ഥരെ സമീപിച്ചതോടെയാണ് വിവരം പുറംലോകം അറിഞ്ഞത്. അതോടെ ആരോഗ്യവകുപ്പ് അധികൃതർ പരിശോധനക്കെത്തുകയായിരുന്നു. പ്രാഥമിക അന്വേഷണത്തിൽ രാസവള പ്രയോഗംമൂലം ജലസ്രോതസുകൾ മലിനീകരിക്കപ്പെട്ടതാണ് പെട്ടെന്നുണ്ടാകുന്ന മുടികൊഴിച്ചിലിന് കാരണമെന്നാണ് കണ്ടെത്തൽ. എന്നാൽ ഗ്രാമങ്ങളിൽനിന്ന് ശേഖരിച്ച സാമ്പിളുകളുടെ പരിശോധനാഫലം പുറത്തുവന്ന ശേഷമെ ഇക്കാര്യത്തിൽ സ്ഥിരീകരണം ഉണ്ടാകൂ. ജലസ്രോതസുകളിൽനിന്നുള്ള സാമ്പിളും ഗ്രാമീണരുടെ ത്വക്കിന്റെയും മുടിയുടെയും സാമ്പിളുകളും പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്.