ഗുജറാത്ത് തെരഞ്ഞെടുപ്പ്: വീണ്ടും വോട്ടെണ്ണണമെന്ന ആവശ്യങ്ങള്‍ക്കിടെ ഇവിഎമ്മുകളും വിവിപാറ്റുകളുമായി പോയ ട്രക്ക് മറിഞ്ഞു, അപകടമല്ലെന്ന് ഹര്‍ദ്ദിക് പട്ടേല്‍

ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളില്‍ കൃത്രിമം നടന്നുവെന്നും വീണ്ടും വോട്ടെടുപ്പ് നടത്തണമെന്നുമുള്ള ആവശ്യങ്ങള്‍ ഉയര്‍ന്നു കേള്‍ക്കവെ ഇവിഎം മെഷീനുകളും വിവി പാറ്റുകളുമായി പോയ ട്രക്ക് അപകടത്തില്‍പ്പെട്ടു. ഇത് അപകടമല്ലെന്നും മനപ്പൂര്‍വം ചെയ്തതാണെന്നുമുള്ള ആരോപണമാണ് പട്ടീധാര്‍ നേതാവ് ഹര്‍ദ്ദിക്ക് പട്ടേല്‍ ഉന്നയിക്കുന്നത്.

“വീണ്ടും വോട്ടെണ്ണണമെന്ന് ഞങ്ങള്‍ ആവശ്യപ്പെട്ടതിന് പിന്നാലെ ഇവിഎമ്മുകളുമായി പോയ ട്രക്ക് മറിഞ്ഞു. ഇതിനെ അപകടമെന്ന് വിളിക്കാമോ?” എന്ന് ഹര്‍ദിക് ട്വിറ്ററില്‍ ചോദിച്ചു.

ഗുജറാത്തിലെ ബരൂചില്‍ ഇന്നലെയാണ് ട്രക്ക് മറിഞ്ഞത്. വിവിപാറ്റുകളും ഇവിഎമ്മുകളും ചിതറിയ നിലയിലായിരുന്നു. ട്രക്കിലുണ്ടായിരുന്ന മൂന്ന് തൊഴിലാളികള്‍ക്ക് പരുക്കേറ്റു. 103 വിവിപാറ്റുകളും 92 ബാലറ്റ് യൂണിറ്റുകളും 93 കണ്‍ട്രോള്‍ യൂണിറ്റുകളാണ് ട്രക്കിലുണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു.

ഗുജറാത്ത് തെരഞ്ഞെടുപ്പിനിടെ വോട്ടിങ് മെഷീനിലെ ക്രമക്കേട് സംബന്ധിച്ച് നിരവധി പരാതികളുയര്‍ന്നിരുന്നു. വിവിപാറ്റുകള്‍ കൂടി എണ്ണണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യം കോടതി തള്ളി. ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ 182 ബൂത്തുകളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശപ്രകാരം വിവിപാറ്റുകള്‍ എണ്ണി. നാലെണ്ണത്തില്‍ ഇവിഎമ്മുകളും വിവിപാറ്റുകളും തമ്മില്‍ പൊരുത്തക്കേടുണ്ടെന്ന് ഗുജറാത്ത് ഇലക്ഷന്‍ കമ്മീഷന്‍ തന്നെ വ്യക്തമാക്കിയിരുന്നു.