'ഒ​രു വീ​ട്ടി​ൽ ഒ​രാ​ൾ​ക്ക് സ​ർ​ക്കാ​ർ ജോ​ലി'; വ​മ്പ​ൻ പ്ര​ഖ്യാ​പ​ന​വു​മാ​യി തേ​ജ​സ്വി യാ​ദ​വ്

ബി​ഹാ​റി​ൽ ഇ​ന്ത്യാ സ​ഖ്യം അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ ഒ​രു വീ​ട്ടി​ൽ ഒ​രാ​ൾ​ക്ക് സ​ർ​ക്കാ​ർ ജോ​ലി ന​ൽ​കു​മെ​ന്ന വ​മ്പ​ൻ പ്ര​ഖ്യാ​പ​ന​വു​മാ​യി ആ​ർ​ജെ​ഡി നേ​താ​വും മു​ൻ ഉ​പ​മു​ഖ്യ​മ​ന്ത്രി​യു​മാ​യ തേ​ജ​സ്വി യാ​ദ​വ്. അ​ധി​കാ​ര​മേ​റ്റു ക​ഴി​ഞ്ഞാ​ൽ ആ​ദ്യ​ത്തെ മ​ന്ത്രി​സ​ഭാ​യോ​ഗ​ത്തി​ൽ ത​ന്നെ ഈ ​നി​ർ​ദേ​ശ​ത്തി​ൽ ഒ​പ്പു​വ​യ്ക്കുമെന്നും 20 മാ​സ​ത്തി​നു​ള്ളി​ൽ സ​ർ​ക്കാ​ർ ജോ​ലി​ക്കാ​രി​ല്ലാ​ത്ത ഒ​രു വീ​ടു​പോ​ലും ബി​ഹാ​റി​ൽ ഉ​ണ്ടാ​കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

‘‘20 വർഷമായി യുവാക്കൾക്കു ജോലി നൽകാൻ എൻഡിഎ സർക്കാരിനു സാധിക്കുന്നില്ല. ഞങ്ങൾ അധികാരത്തിലെത്തിയാൽ എല്ലാ വീടുകളിലും സർക്കാർ ജോലിയുള്ള ഒരാളെങ്കിലും ഉണ്ടായിരിക്കുമെന്ന് ഉറപ്പു നൽകുകയാണ്. സർക്കാർ രൂപീകരിച്ച് 20 ദിവസത്തിനകം ഇതിനായി നിയമമുണ്ടാക്കും. 20 മാസത്തിനുള്ളിൽ സർക്കാർ ജോലിക്കാരില്ലാത്ത ഒരു വീടുപോലും ബിഹാറിൽ ഉണ്ടാകില്ല.’’ – തേജസ്വി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

‘‘കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും ഞാൻ സർക്കാർ ജോലി വാഗ്ദാനം ചെയ്തിരുന്നു. ഞാൻ സർക്കാരിന്റെ ഭാഗമായുണ്ടായിരുന്ന ചെറിയ കാലത്തിൽ അഞ്ചുലക്ഷം പേർക്കാണു തൊഴിൽ നൽകിയത്. എനിക്ക് അഞ്ചുവർഷം സമയം ലഭിച്ചാൽ എന്തൊക്കെ ചെയ്യാൻ സാധിക്കുമെന്ന് നിങ്ങൾ സങ്കൽപ്പിച്ചു നോക്കൂ’’ – തേജസ്വി പറഞ്ഞു.

Read more

ബിഹാറിൽ നവംബർ 6നും നവംബർ 11നുമായി രണ്ടുഘട്ടത്തിലാണ് വോട്ടെടുപ്പ്. നവംബർ 14നാണ് ഫലപ്രഖ്യാപനം.