ഭരണം ദുരുപയോഗം ചെയ്ത് എതിര്‍പ്പുകളെ തകര്‍ക്കാം, സത്യത്തെ തടവിലാക്കാന്‍ കഴിയില്ല; മോദിയോട് രാഹുല്‍ ഗാന്ധി

ദളിത് നേതാവും ഗുജറാത്ത് എംഎല്‍എയുമായ ജിഗ്നേഷ് മേവാനിയുടെ അറസ്റ്റിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരാമര്‍ശിച്ചു കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മോദിജീ… സംസ്ഥാനത്തെ ഭരണകൂട സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്തുകൊണ്ട് താങ്കള്‍ക്ക് വിയോജിപ്പുകളെ തകര്‍ക്കാനായി ശ്രമിക്കാം. പക്ഷേ സത്യത്തെ ഒരിക്കലും തടവിലാക്കാന്‍ കഴിയില്ല എന്ന് രാഹുല്‍ ട്വീറ്റ് ചെയ്തു.

ജിഗ്നേഷ് മേവാനിയെ അറസ്റ്റ് ചെയ്ത വാര്‍ത്ത പങ്കുവെച്ചുകൊണ്ടായിരുന്നു ട്വീറ്റ്. പ്രധാനമന്ത്രിയെ വിമര്‍ശിച്ച് പോസ്റ്റ് ചെയ്ത ഒരു ട്വീറ്റിന്റെ പേരിലാണ് അസം പൊലീസ് മോവാനിയെ അറസ്റ്റ് ചെയ്തത് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ഇന്നലെ രാത്രി 11.30 ഓടെയാണ് ഗുജറാത്ത് പാലന്‍പുര്‍ സര്‍ക്യൂട്ട് ഹൗസില്‍ നിന്ന് മേവാനിയെ അസം പൊലീസ് അറസ്റ്റ് ചെയ്തത്. അസമിലെ കൊക്രജാറില്‍ നിന്നുള്ള ബിജെപി നേതാവ് അരൂപ് കുമാര്‍ ഡേ എന്നയാളുടെ പരാതിയിലാണ് നടപടി. ദളിത് നേതാവും രാഷ്ട്രീയ പാര്‍ട്ടിയായ രാഷ്ട്രീയ ദളിത് അധികാര് മഞ്ചിന്റെ കണ്‍വീനറുമാണ് മേവാനി. 2021 സെപ്റ്റംബറിലാണ് സ്വതന്ത്ര എംഎല്‍എയായ മേവാനി കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചത്.