തമിഴ്‌നാട്ടിലും ബംഗാളിലും ആദ്യമണിക്കൂറുകളില്‍ മികച്ച പോളിംഗ്; തമിഴകത്ത് പോളിംഗ് സമയം രാത്രി 8 മണി വരെയാക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ച് വിജയ്

തമിഴ്‌നാടും ബംഗാളും പോളിങ് ബൂത്തില്‍. തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടര്‍മാര്‍ വിധിയെഴുതുകാണ്ം. പശ്ചിമ ബംഗാളില്‍ ഇന്ന് ആദ്യഘട്ട തിരഞ്ഞെടുപ്പ് നടക്കുന്നത് 152 മണ്ഡലങ്ങളിലാണ്. സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ബംഗാള്‍ വികാരം ഉയര്‍ത്തി ആഴ്ചകളോളം മമത ബാനര്‍ജിയും അഭിഷേക് ബാനര്‍ജിയും നടത്തിയ റാലികള്‍ വോട്ടാകുമെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ കണക്കുക്കൂട്ടല്‍. മമതയ്‌ക്കെതിരെ പ്രധാനമന്ത്രി മോദി നേരിട്ടെത്തി നടത്തിയ പ്രചാരണം തങ്ങളെ തുണയ്ക്കുമെന്നാണ് ബിജെപി ക്യാംപിന്റെ പ്രതീക്ഷ.

തമിഴ്‌നാട്ടില്‍ 234 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്. ആകെ 4023 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. 5 കോടി 73 ലക്ഷം വോട്ടര്‍മാര്‍ സമ്മതിദാനാവകാശം വിനിയോഗിക്കും. ഇരു സംസ്ഥാനങ്ങളിലും ബൂത്തുകളില്‍ പോളിങ് ആരംഭിച്ച മണിക്കൂറുകളില്‍ മികച്ച പോളിംഗാണ് രേഖപ്പെടുത്തിയത്. തമിഴ്‌നാട്ടില്‍ രാവിലെ 9 മണി വരെ 17.69% പോളിങ്. 2021ലെ തിരഞ്ഞെടുപ്പില്‍ ആദ്യ 2 മണിക്കൂറിനുള്ളില്‍ രേഖപ്പെടുത്തിയത് 13.49% ആണ്. ബംഗാളില്‍ 9 മണി വരെ 18.73 ശതമാനമാണ് പോളിങ്.

മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍, ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍, ടിവികെ നേതാവ് വിജയ്, ബിജെപി നേതാവ് കെ.അണ്ണാമലൈ, അണ്ണാഡിഎംകെ ജനറല്‍ സെക്രട്ടറിയും പ്രതിപക്ഷ നേതാവുമായ എടപ്പാടി പളനിസാമി ഉള്‍പ്പെടെയുള്ളവര്‍ വോട്ടു രേഖപ്പെടുത്തി.

തമിഴ്‌നാട്ടില്‍ വോട്ടെടുപ്പ് പുരോഗമിക്കവെ പോളിങ് സമയം നീട്ടണമെന്ന ആവശ്യവുമായി ടിവികെ അധ്യക്ഷന്‍ വിജയ് തിരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ചു. ബസുകള്‍ ഇല്ലാത്തതിനാല്‍ വോട്ടര്‍മാര്‍ വൈകിയെന്നും അതിനാല്‍ രണ്ട് മണിക്കൂര്‍ അധികം അനുവദിക്കണമെന്നുമാണ് ആവശ്യം. ബസുകള്‍ കുറച്ചത് ആസൂത്രിത നീക്കമെന്ന് സംശയിക്കുന്നതായും ആയിരക്കണക്കിന് വോട്ടര്‍മാര്‍ പലയിടത്തും കുടുങ്ങിക്കിടക്കുന്നതായും വിജയ് കത്തില്‍ പറയുന്നു.

പോളിങ് രാത്രി 8 മണി വരെ ആക്കണം, ബസ് സര്‍വീസ് നടത്താന്‍ സംസ്ഥാന സര്‍ക്കാരിനും കോര്‍പറേഷനും നിര്‍ദേശം നല്‍കണം, പോളിങ് വൈകുന്നതിനാല്‍ ബൂത്തുകളില്‍ മേല്‍നോട്ടത്തിനായി ഒരു ഓഫിസറെ നിയമിക്കണം എന്നീ കാര്യങ്ങളാണ് വിജയ് തിരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടിരിക്കുന്നത്. വോട്ട് ചെയാനായി നാട്ടിലേക്ക് പോകാന്‍ കൂട്ടത്തോടെ യുവാക്കള്‍ വിവിധ ബസ് സ്റ്റാന്‍ഡുകളില്‍ രാവിലെ എത്തിയിരുന്നു. ആവശ്യത്തിന് ബസ് സര്‍വീസ് ക്രമീകരിച്ചില്ലെന്നായിരുന്നു ഇവരുടെ പരാതി. ഇതിനുപിന്നാലെ പ്രതിഷേധവും വ്യാപകമായി. സ്‌പെഷല്‍ സര്‍വീസുകള്‍ ക്രമീകരിച്ചിട്ടുണ്ടെന്നും ഒരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്നുമാണ് ഗതാഗത വകുപ്പിന്റെ വിശദീകരണം