ആന്ധയില്‍ കടലിലൂടെ സ്വര്‍ണത്തേര് ഒഴുകിയെത്തി; വീഡിയോ

ആന്ധ്രയില്‍ കടലിലൂടെ സ്വര്‍ണത്തേര് ഒഴുകിയെത്തി. ശ്രീകാകുളം ജില്ലയിലെ സുന്നപള്ളി ഹാര്‍ബറില്‍ ചൊവ്വാഴ്ചയാണ് കടലിലൂടെ സ്വര്‍ണത്തേര് ഒഴുകിയെത്തിയത്. അസാനി ചുഴലിക്കാറ്റിനെ തുടര്‍ന്ന് തേര് ഒഴുകിയെത്തിയതാകാമെന്നാണ് കരുതുന്നത്.

തേര് മറ്റേതെങ്കിലും രാജ്യത്ത് നിന്ന് ഒഴുകിയെത്തിയതാകാം എന്നാണ് പൊലീസ് പറയുന്നത്. സംഭത്തെ കുറിച്ച് ഇന്റലിജന്‍സിനെയും ഉന്നത ഉദ്യാഗസ്ഥരെയും അറിയിച്ചിട്ടുണ്ടെന്ന് സബ് ഇന്‍സ്‌പെക്ടര്‍ പറഞ്ഞു.

കടലിലൂടെ തേര് ഒഴുകുന്നത് കണ്ട ആളുകള്‍ അത് വലിച്ച് തീരത്തേക്ക് അടുപ്പിക്കുന്നതിന്റെ വീഡിയോ ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. നേരത്തെ, അസാനി തീവ്ര ചുഴലിക്കാറ്റ് ശക്തി കുറഞ്ഞ് ചുഴലിക്കാറ്റായി മാറിയിരുന്നു. വരും മണിക്കൂറുകളില്‍ ആന്ധ്രാതീരത്തിന് സമീപമെത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

രാത്രിയോടെ ചുഴലിക്കാറ്റ് മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പ്രവേശിക്കാനാണ് സാധ്യത. മുന്നറിയിപ്പിന്റെ ഭാഗമായി ആന്ധ്രാതീരത്ത് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വിശാഖപട്ടണം ഉള്‍പ്പെടെയുള്ള അഞ്ച് ജില്ലകളിലാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.