കലശം, ശിൽപ്പങ്ങൾ, പെയിന്റിംഗ്, സിൽക്ക് സാരി മുതൽ വാളുകൾ വരെ, മോദിക്ക് കിട്ടിയ 2700 സമ്മാനങ്ങൾ ലേലത്തിന്, സിൽക്ക് സാരിക്ക് പത്ത് ലക്ഷം

പല സമയത്തായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലഭിച്ച സമ്മാനങ്ങൾ, മൊമെന്റോ തുടങ്ങിയവ ഇപ്പോൾ തുറന്ന ലേലത്തിന് വെച്ചിരിക്കുന്നു. ഒക്ടോബർ മൂന്ന് വരെ ലേലത്തിൽ പങ്കെടുക്കുന്നതിന് അവസരമൊരുക്കിയിട്ടുണ്ട്. ഇത് രണ്ടാം തവണയാണ് ഗിഫ്റ്റുകൾ ലേലം ചെയ്യുന്നത്. കേന്ദ്ര സാംസ്‌കാരിക മന്ത്രാലയം 2700- ൽ പരം ഉപഹാരങ്ങളാണ് ഇ – ലേലത്തിനായി വെച്ചിരിക്കുന്നത്. ഇതിൽ മോദി അമ്മയോടൊപ്പം നിൽക്കുന്ന ഒരു ഫോട്ടോയ്ക്കാണ് ഏറ്റവും വലിയ തുകയായ പത്തു ലക്ഷം രൂപയുടെ ബിഡ് വന്നിരിക്കുന്നത്. സമ്മാനങ്ങളിൽ 500 എണ്ണം ഡൽഹിയിലെ മോഡേൺ ആർട്ട് ഗാലറിയിൽ ഇപ്പോൾ പ്രദർശനത്തിന് വച്ചിട്ടുണ്ട്.

ലേലത്തിൽ നിന്നുള്ള വരുമാനം പൂർണമായും നമാമി ഗംഗ മിഷന് ലഭിക്കും. 200 രൂപ മുതൽ രണ്ടര ലക്ഷം രൂപ വരെയാണ് ഇവക്ക് അടിസ്ഥാന വില നിശ്ചയിച്ചിരിക്കുന്നത്. ഇതിനകം നാലായിരം പേർ പ്രദർശനം കാണാനെത്തി.

പെയിന്റിംഗുകൾ, ശില്പങ്ങൾ, ഷാൾ, ജാക്കറ്റ്, സംഗീത ഉപകരണങ്ങൾ, വാളുകൾ,  പുസ്തകങ്ങൾ തുടങ്ങി നിരവധി ഇനങ്ങൾ കൂട്ടത്തിൽ ഉണ്ട്. ഇന്ത്യൻ ഭരണഘടനയുടെ ഒരു കോപ്പിക്ക് 33000 രൂപ കോട്ട് ചെയ്തിട്ടുണ്ട്, 2000 രൂപയാണ് പുസ്തകത്തിന്റെ യഥാർത്ഥ വില. മോദിയുടെ ചിത്രം ആലേഖനം ചെയ്തിട്ടുള്ള സിൽക്ക് സാരിക്ക് രണ്ടര ലക്ഷം രൂപയാണ് മതിപ്പ് വില നിശ്ചയിച്ചിരിക്കുന്നത്. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ജേഴ്സിയും കൂട്ടത്തിലുണ്ട്.

അതിനിടെ ഒരു ഇനത്തിന്റെ ലേലം തത്കാലം മാറ്റി വച്ചിട്ടുണ്ട്. നാളികേര കലശമാണ് ഉത്പന്നം. ഇതിനു 18000 രൂപയാണ് അടിസ്ഥാന വിലയിട്ടിരിക്കുന്നത്. എന്നാൽ ലേലത്തിൽ ഒരു കോടി രൂപ കോട്ട് ചെയ്തിരിക്കുന്നു. ഇത് ഫേക്ക് ആണോ എന്ന സംശയം ഉയർന്നതിനെ തുടർന്ന് അനാവശ്യ വിവാദം ഒഴിവാക്കുന്നതിനായാണ് ലേലം മാറ്റിയതെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം.


ഇങ്ങനെ സമ്മാനങ്ങൾ ലേലം ചെയ്ത ആദ്യ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് കേന്ദ്ര ടൂറിസം വകുപ്പ് മന്ത്രി പ്രഹ്ലാദ് സിംഗ് പട്ടേൽ പറഞ്ഞു. ആദ്യഘട്ട ലേലം ജനുവരിയിൽ നടന്നിരുന്നു. അന്ന് മരം കൊണ്ട് നിർമ്മിച്ച ബൈക്കിന് അഞ്ചു ലക്ഷം രൂപ ലഭിച്ചു. പ്രധാനമന്ത്രിയുടെ ഒരു പെയിന്റിംഗിനും ഇതേ തുക ലേലത്തിൽ ലഭിച്ചു.