മോദിയുടെ കൈയിൽ ഇരിക്കുന്ന റിമോട്ട് കണ്‍ട്രോൾ അനുസരിച്ച് നീങ്ങുകയാണ് ഗുലാം നബി, രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ്

കോൺഗ്രസ് വിട്ട ഗുലാം നബി ആസാദിനെതിരെ രൂക്ഷ വിമർശനം ഉയർത്തി കോൺഗ്രസ് നേതാവ് പവൻ ഖേര. മോദി നിയന്ത്രിക്കുന്ന റിമോട്ട് കണ്ട്രോൾ അനുസരിച്ച് നീങ്ങുന്ന ഒരു വസ്തു പോലെയായി ഗുലാം നബി ആസാദ് മാറിയെന്നും പവൻ കുറ്റപ്പെടുത്തി. അധികാരമില്ലാത്തപ്പോൾ പാർട്ടിയെ വേണ്ടെന്നുവെച്ച് എല്ലാ അധികാരങ്ങളും തന്ന പാർട്ടിയെ ചവിട്ടിയെറിഞ്ഞ് പോകുന്നത് കാപട്യത്തിന്റെ ലക്ഷണമാണെന്നും കുറ്റപ്പെടുത്തി പവൻ തന്റെ രോഷം പ്രകടിപ്പിച്ചു,

അര നൂറ്റാണ്ടിലേറെയായി കോണ്‍ഗ്രസില്‍ സജീവമായിരുന്ന നേതാവാണ് ഗുലാം നബി ആസാദ്. ജമ്മു കശ്മീര്‍ തിരഞ്ഞെടുപ്പിനുള്ള പ്രചാരണ സമിതി അധ്യക്ഷസ്ഥാനം ആസാദ് അടുത്തിടെ രാജിവെച്ചിരുന്നു. ഇതില്‍ പാര്‍ട്ടിക്കുള്ളില്‍ കടുത്ത അതൃപ്തി നിലനില്‍ക്കവേയാണ് ആസാദിന്റെ അപ്രതീക്ഷിത രാജി.

രാഹുല്‍ ഗാന്ധിയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചാണ് അദ്ദേഹം കോണ്‍ഗ്രസ് വിട്ടത്. രാഹുലിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് വലിയ തിരിച്ചടി നേരിട്ടെന്നും തീരുമാനങ്ങളെടുക്കുന്നത് രാഹുലും സുരക്ഷാജീവനക്കാരുമാണെന്നും ആസാദ് പറഞ്ഞു.

2019 മുതല്‍ പാര്‍ട്ടിയുടെ സ്ഥിതി ഏറെ വഷളായി. സംഘടന ശക്തിപ്പെടുത്താന്‍ നടപടികളില്ല. ഇതിനുവേണ്ടി നല്‍കിയ നിര്‍ദേശങ്ങള്‍ 9 വര്‍ഷമായി ചവറ്റുകൊട്ടയിലാണ്. സോണിയ ഗാന്ധിക്കുപോലും കാര്യമായ റോളില്ല.