പൗരത്വ നിയമ ഭേദഗതി പ്രതിഷേധത്തിൽ പങ്കെടുത്ത ജർമ്മൻകാരനായ ഐ.ഐ.ടി വിദ്യാർത്ഥിയെ നാടുകടത്തി സർക്കാർ

പൗരത്വ നിയമ ഭേദഗതിക്കെതിരെയും ഡൽഹിയിൽ വിദ്യാർത്ഥികളെ പൊലീസ് അടിച്ചമർത്തുന്നതിന് എതിരെയും പ്രതിഷേധത്തിൽ പങ്കെടുത്തതിന് ഐ.ഐ.ടി മദ്രാസിൽ പഠിക്കുന്ന ജർമ്മൻ സ്വദേശിയായ വിദ്യാർത്ഥിയെ ഇന്ത്യയിൽ നിന്നും പറഞ്ഞു വിട്ടതായി റിപ്പോർട്ടുകൾ.

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ ഭൗതികശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയായ ജാക്കോബ് ലിൻഡെന്താൽ തിങ്കളാഴ്ച ആംസ്റ്റർഡാമിലേക്ക് പുറപ്പെട്ടതായാണ് റിപ്പോർട്ട്. ചെന്നൈയിലെ ഫോറിനേഴ്സ് റീജിയണൽ രജിസ്ട്രേഷൻ ഓഫീസിൽ നിന്ന് ഇന്ത്യ വിടാൻ വാക്കാലുള്ള നിർദേശം വിദ്യാർത്ഥിക്ക് ലഭിച്ചതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.

കഴിഞ്ഞ ആഴ്ചയിലെ പ്രതിഷേധങ്ങളുടെ ചിത്രങ്ങളിൽ, 24- കാരനായ ജർമ്മൻ വിദ്യാർത്ഥിയുണ്ടായിരുന്നു. ഒന്നിൽ, “യൂണിഫോം ഇട്ട കുറ്റവാളികൾ = കുറ്റവാളികൾ” എന്ന് എഴുതിയ ഒരു പ്ലക്കാർഡ് അദ്ദേഹം പിടിച്ചിരുന്നു.

ജർമ്മനിയിലെ ഡ്രെസ്ഡനിൽ നിന്നുള്ള ജാക്കോബിനെ പറഞ്ഞുവിട്ട സംഭവം അപമാനകരം എന്നാണ് ഐഐ‌ടി മദ്രാസ് വിദ്യാർത്ഥികൾ‌ വിശേഷിപ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഐഐ‌ടി അധികൃതർ ഇതുവരെയും പ്രതികരിച്ചിട്ടില്ല.