സ്വര്‍ണം ആണെന്ന് പറഞ്ഞ് ചെമ്പുനാണയം നല്‍കി; വോട്ടര്‍മാരെ കബളിപ്പിച്ച് സ്ഥാനാര്‍ത്ഥി

തമിഴ്‌നാട്ടിലെ തദ്ദേശ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സ്വര്‍ണമാണെന്ന് പറഞ്ഞ് വോട്ടര്‍മാര്‍ക്ക് ചെമ്പുനാണയം വിതരണം ചെയ്ത് സ്ഥാനാര്‍ത്ഥി. തമിഴ്‌നാട് ആംബൂരിലെ മുപ്പത്തിയാറാം വാര്‍ഡിലെ കൗണ്‍സിലര്‍ സ്ഥാനാര്‍ത്ഥിയായ മണിമേഘല ദുരൈപാണ്ഡിയാണ് വോട്ടര്‍മാരെ കബളിപ്പിച്ചത്.

സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ ഇവര്‍ തിരഞ്ഞെടുപ്പിന്റെ തലേ ദിവസം രാത്രി ഭര്‍ത്താവിന് ഒപ്പം വോട്ടര്‍മാരുടെ വീടുകളില്‍ ചെന്ന് നാണയം നല്‍കുകയായിരുന്നു. വോട്ടര്‍മാരുടെ കയ്യില്‍ നല്‍കിയ പെട്ടിയില്‍ സ്വര്‍ണ നാണയമാണ്. വോട്ടെണ്ണുന്ന ദിവസം മാത്രമേ ഇത് തുറക്കാവൂ എന്നും പറഞ്ഞാണ് അവര്‍ നാണയങ്ങള്‍ വിതരണം ചെയ്തത്.

വോട്ടെണ്ണല്‍ ദിനത്തില്‍ നാണയം പണയം വെക്കാനായി കൊണ്ടുപോയപ്പോഴാണ് തന്നത് സ്വര്‍ണമാണെന്ന് പറഞ്ഞ് ചെമ്പ് തന്ന് സ്ഥാനാര്‍ത്ഥി തങ്ങളെ കബളിപ്പിക്കുക ആയിരുന്നു എന്ന് ആളുകള്‍ തിരിച്ചറിഞ്ഞത്. നിയമ വിരുദ്ധമായി ഇത്തരം ഒരു സമ്മാനം സ്വീകരിച്ചതിന്റെ പേരില്‍ നടപടി നേരിടേണ്ടിവരുമെന്ന പേടിയെ തുടര്‍ന്ന് സംഭവത്തെ കുറിച്ച് പരാതി നല്‍കാന്‍ കഴിയാത്ത അവസ്ഥയിലാണ് വോട്ടര്‍മാര്‍.