സംഘപരിവാര്‍ ആക്രമണം; നെറ്റ്ഫ്‌ളിക്‌സും ആമസോണും ഇന്ത്യന്‍ സിനിമകളുടെ നിര്‍മ്മാണം അവസാനിപ്പിക്കുന്നു

ഇന്ത്യന്‍ സിനിമകളെ കൈവിടാനൊരുങ്ങി നെറ്റ്ഫ്‌ളിക്‌സും ആമസോണ്‍ പ്രൈമും. ഇരു ഒടിടി പ്ലാറ്റ്‌ഫോമുകളും ഇന്ത്യന്‍ രാഷ്ട്രീയ സാമൂഹ്യ വിഷയങ്ങളില്‍ സിനിമ നിര്‍മ്മിക്കുന്നതില്‍ നിന്ന് പിന്‍വാങ്ങുന്നതായി വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യന്‍ രാഷ്ട്രീയ സാമൂഹ്യ വിഷയങ്ങളിലെ സിനിമ നിര്‍മ്മാണം കമ്പനികളെ പ്രതിസന്ധിയിലാക്കുന്നതിനെ തുടര്‍ന്നാണ് ഇത്തരത്തിലൊരു തീരുമാനം.

താണ്ഡവ് സിനിമയ്‌ക്കെതിരെ നടന്ന ആക്രമണങ്ങള്‍ക്ക് പിന്നാലെ നെറ്റ്ഫ്‌ലിക്‌സിന്റെ ഇന്ത്യന്‍ ചീഫിന് ഒളിവില്‍ കഴിയേണ്ടി വന്നിരുന്നു. നിലവില്‍ ആക്രമണം നേരിടുന്ന ദി റെയില്‍വേ മെന്‍: ദി അണ്‍ടോള്‍ഡ് സ്‌റ്റോറി ഓഫ് ഭോപ്പാല്‍ ലൈഫ് എന്ന വെബ് സീരിസ് പിന്‍വലിക്കാനൊരുങ്ങുകയാണ് നെറ്റ്ഫ്‌ളിക്‌സ്.

കര്‍ഷക സമരത്തെ അടിസ്ഥാനമാക്കി നിര്‍മ്മിച്ച ചിത്രമായിരുന്നു താണ്ഡവ്. ചിത്രത്തിനെതിരെ വന്‍തോതിലുള്ള ആക്രമണമായിരുന്നു സംഘപരിവാര്‍ സംഘടനകള്‍ അന്ന് അഴിച്ചുവിട്ടത്. ഇതിന് പിന്നാലെ ആയിരുന്നു നെറ്റ്ഫ്‌ലിക്‌സിന്റെ ഇന്ത്യന്‍ ചീഫിന് ഒളിവില്‍ കഴിയേണ്ടി വന്നത്. ദി റെയില്‍വേ മെന്‍: ദി അണ്‍ടോള്‍ഡ് സ്‌റ്റോറി ഓഫ് ഭോപ്പാല്‍ ലൈഫ് നവംബര്‍ 18ന് ആയിരുന്നു പുറത്തിറക്കിയത്. എന്നാല്‍ സമാനതകളില്ലാത്ത ആക്രമണമായിരുന്നു വെബ്‌സീരിസിനും നേരിടേണ്ടി വരുന്നത്.

ഇതേ തുടര്‍ന്നാണ് നെറ്റ്ഫ്‌ളിക്‌സ് വെബ്‌സീരിസ് പിന്‍വലിക്കാന്‍ ആലോചിക്കുന്നത്. രാജ്യത്തെ നടുക്കിയ ഭോപ്പാല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ നടന്ന യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് വെബ്‌സീരിസ് ഒരുക്കിയിട്ടുള്ളത്. ഭോപ്പാല്‍ റെയില്‍വേ സ്റ്റേഷനില്‍ ഡെപ്യൂട്ടി സ്റ്റേഷന്‍ മാസ്റ്ററായിരുന്ന ഗുലാം ദസ്തക്കീറിന്റെ സമയോചിത ഇടപെടലുകളും ധീരതയുമാണ് കഥയുടെ ഇതിവൃത്തം.

1984 ഡിസംബര്‍ 2ന് രാത്രി വിഷപ്പുക ശ്വസിച്ച് ഓഫീസില്‍ നിന്ന് പുറത്തിറങ്ങിയ ദസ്തക്കീര്‍ തന്റെ ആശങ്ക ഉന്നത ഉദ്യോഗസ്ഥരോട് പങ്കുവയ്ക്കുകയും, ഉടന്‍ തന്നെ ഭോപ്പാലില്‍ എത്തേണ്ട എല്ലാ ട്രെയിനുകളും നിര്‍ത്താന്‍ സന്ദേശങ്ങള്‍ അയക്കുകയും ചെയ്തു. എന്നാല്‍ നിര്‍ദ്ദേശം നല്‍കുമ്പോഴേക്കും ബോംബെ-ഗോരഖ്പൂര്‍ എക്‌സ്പ്രസ് ഭോപ്പാല്‍ സ്റ്റേഷനിലേക്ക് എത്തിയിരുന്നു.

ഉടന്‍തന്നെ ട്രെയിന്‍ സ്റ്റേഷനില്‍ നിന്ന് കടത്തിവിട്ടുകൊണ്ടാണ് ദസ്തക്കീര്‍ അന്ന് നൂറ് കണക്കിന് മനുഷ്യ ജീവനുകള്‍ രക്ഷിച്ചത്. തുടര്‍ന്ന് ദസ്തക്കീറും സഹപ്രവര്‍ത്തകരും ചേര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനങ്ങളും, വായുവില്‍ വിഷം പ്രവര്‍ത്തിച്ചതോടെ ദസ്തക്കീറിന്റെയും സഹപ്രവര്‍ത്തകരുടെയും നിസഹായവസ്ഥയും വെബ്‌സീരിസില്‍ ചിത്രീകരിച്ചിട്ടുണ്ട്.

എന്നാല്‍ തളര്‍ന്നിരിക്കാന്‍ തയ്യാറാകാതിരുന്ന ദസ്തക്കീര്‍ അവശതകളോടെ നടത്തിയ നിസ്വാര്‍ത്ഥ പ്രവര്‍ത്തനങ്ങള്‍ നിരാശാജനകമായ ഒരു സാഹചര്യത്തില്‍ പ്രതീക്ഷയുടെ പ്രകാശമായിരുന്നു. എന്നാല്‍ ദസ്തക്കീറിന് സംഭവം വ്യക്തിപരമായും നഷ്ടങ്ങളുണ്ടാക്കിയിരുന്നു. ദസ്തക്കീറിന്റെ മകന്‍ വിഷവാതകം ശ്വസിച്ച് മരണത്തിന് കീഴടങ്ങിയിരുന്നു. മാത്രമല്ല 23 സഹപ്രവര്‍ത്തകരും മരണപ്പെട്ടു. ഇതിനെല്ലാം പുറമേ ദസ്തക്കീറിന് ഗുരുതര രോഗം ബാധിക്കുകയും ചെയ്തു.

മരണത്തിന് കീഴടങ്ങിയ 23 ഉദ്യോഗസ്ഥരുടെ സ്മരണാര്‍ത്ഥം ഭോപ്പാല്‍ സ്റ്റേഷനില്‍ ഒരു സ്മാരകം സ്ഥാപിച്ചു. എന്നാല്‍ 2003ല്‍ അന്തരിച്ച ദസ്തക്കീറിനായി സ്മാരകങ്ങള്‍ ഒന്നും തന്നെ ഉയര്‍ന്നില്ല. ഇപ്പോഴിതാ ദസ്തക്കീറിന്റെ ജീവിത കഥ പറയുന്ന വെബ്‌സീരിസും ചരിത്രത്തില്‍ നിന്ന് ഒഴിവാക്കുകയാണ്.