ഗാന്ധി കുടുംബത്തിന് ഔദ്യോഗിക സ്ഥാനാര്‍ത്ഥിയില്ല; രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയുടെ വിവരങ്ങള്‍ പുറത്തു പറയില്ലെന്ന് തരൂര്‍

കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പില്‍ ഗാന്ധി കുടുംബത്തിന് ഒരു ഔദ്യോഗിക സ്ഥാനാര്‍ഥിയില്ലെന്ന് ശശി തരൂര്‍. മുപ്പതാം തീയതി നാമനിര്‍ദേശ പത്രിക നല്‍കുമെന്നും എന്നാല്‍ രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയുടെ വിവരങ്ങള്‍ പുറത്തു പറയില്ലെന്നും ശശി തരൂര്‍ പറഞ്ഞു.

കോണ്‍ഗ്രസ്സ് അധ്യക്ഷ സ്ഥാനത്തേക്ക് ആര്‍ക്കും മല്‍സരിക്കാമെന്ന ഗാന്ധി കുടുംബത്തിന്റെ നിലപാട് സന്തോഷം പകരുന്നതെന്നും തരൂര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.അതേസമയം, രാജസ്ഥാനില്‍ ഗെലോട്ട് പക്ഷത്തിനെതിരെ അതൃപ്തി വ്യക്തമാക്കി നേതാക്കള്‍ രംഗത്തുവന്നിരിക്കുകയാണ് .

എം.എല്‍.എമാരുടെ സമാന്തരയോഗം വ്യക്തമായ അച്ചടക്കലംഘനമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി അജയ് മാക്കന്‍ പറഞ്ഞു. കോണ്‍ഗ്രസ് അധ്യക്ഷപദത്തില്‍ താല്‍പര്യമില്ലെന്ന് കമല്‍നാഥും വ്യക്തമാക്കി.

Read more

അധ്യക്ഷ തെരഞ്ഞെടുപ്പിനായി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനില്ലെന്ന് പറഞ്ഞ അദ്ദേഹം നവരാത്രി ആശംസകള്‍ നേരാന്‍ വേണ്ടിയാണ് താന്‍ എത്തിയതെന്നും മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കമല്‍ നാഥ് തന്റെ തീരുമാനം സോണിയ ഗാന്ധിയെ അറിയിച്ചെന്നാണ് സൂചന.