മഹാത്മാഗാന്ധിയുടെ പേര് വെട്ടി പുതിയ തൊഴിലുറപ്പ് ഭേദഗതി വിബിജി റാം ജി ലോക്‌സഭ കടത്തി ബിജെപി; ബില്ല് കീറിയെറിഞ്ഞ് ശക്തമായ പ്രതിഷേധം തുടര്‍ന്ന് പ്രതിപക്ഷം

മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കു പകരം കൊണ്ടുവരുന്ന വിബിജി റാം ജി (വികസിത് ഭാരത്ഗാരന്റി ഫോര്‍ റോസ്ഗാര്‍ ആന്‍ഡ് അജീവിക മിഷന്‍ ഗ്രാമീണ്‍) പദ്ധതിക്കുള്ള ബില്‍ പ്രതിപക്ഷ പ്രതിഷേധത്തിനിടെ ലോക്‌സഭ പാസ്സാക്കി. വ്യാപക പ്രതിഷേധമുയര്‍ത്തിയ പ്രതിപക്ഷം ബില്‍ സഭയില്‍ കീറിയെറിഞ്ഞു. ബില്‍ പാര്‍ലമെന്റ് സ്ഥിരം സമിതിക്ക് വിടണമെന്ന പ്രതിപക്ഷ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചില്ല. ബഹളത്തെ തുടര്‍ന്ന് ഉച്ചയോടെ ലോക്‌സഭ പിരിഞ്ഞു. ബില്‍ ഇനി രാജ്യസഭയുടെ പരിഗണനക്ക് വിടും. മഹാത്മഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍നിന്ന് ഗാന്ധിജിയുടെ പേര് നീക്കിയതിനെതിരേയും പുതിയ ബില്ലിലെ വ്യവസ്ഥകള്‍ക്കെതിരേ പ്രതിപക്ഷം ശക്തമായ പ്രതിഷേധം തുടരുന്നതിനിടെയാണ് ബില്‍ ലോക്സഭയില്‍ പാസായത്.

വ്യാഴാഴ്ച സഭയില്‍ പ്രതിപക്ഷ എംപിമാര്‍ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. ബില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് വിടണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. എന്നാല്‍, ബില്ലിന്മേല്‍ ദീര്‍ഘമായ ചര്‍ച്ച നടന്നതായി സ്പീക്കര്‍ സഭയെ അറിയിച്ചു. ഇതോടെയാണ് പ്രതിപക്ഷ എംപിമാര്‍ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചത്. തുടര്‍ന്ന് ബില്ലിന്റെ പകര്‍പ്പുകള്‍ കീറിയെറിയുകയുംചെയ്തു.

കോണ്‍ഗ്രസില്‍ നിന്ന് പ്രിയങ്ക ഗാന്ധി, ഡിഎംകെയുടെ ടി.ആര്‍.ബാലു, എസ്പിയുടെ ധര്‍മേന്ദ്ര യാദവ് എന്നിവര്‍ ബില്ലിനെ എതിര്‍ത്ത് സംസാരിച്ചു. പദ്ധതിയുടെ പേരില്‍ നിന്ന് മഹാത്മാ ഗാന്ധിയെ ഒഴിവാക്കുന്നത് രാഷ്ട്രപിതാവിനോടുള്ള അനാദരവാണെന്ന് പ്രതിപക്ഷം വിമര്‍ശിച്ചു. സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ ബാധ്യത വരുത്തുന്നതാണ് ബില്ലെന്നും വിമര്‍ശിച്ചു. എല്ലാ പദ്ധതികള്‍ക്കും നെഹ്‌റുവിന്റെ പേര് നല്‍കിയ കോണ്‍ഗ്രസാണ് എന്‍ഡിഎ സര്‍ക്കാറിനെ വിമര്‍ശിക്കുന്നതെന്ന് ചര്‍ച്ചക്ക് മറുപടി നല്‍കിയ ഗ്രാമീണ വികസന മന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പറഞ്ഞു. പ്രതിപക്ഷം ബില്‍ കീറിയെറിഞ്ഞതോടെ സ്പീക്കര്‍ ഓം ബിര്‍ല ഇടപെട്ടു. രാഷ്ട്രം നിങ്ങളെ കണ്ടുകൊണ്ടിരിക്കുകയാണെന്നും ബില്‍ കീറിയെറിയാനല്ല ജനം ഇങ്ങോട്ട് അയച്ചതെന്നും സ്പീക്കര്‍ പറഞ്ഞു.

Read more

വിബി ജി റാം ജി ബില്ലും ആണവോര്‍ജ ബില്ലും പാര്‍ലമെന്റ് സ്ഥിരം സമിതിക്കോ ജെപിസിക്കോ അയയ്ക്കണമെന്നായിരുന്നു പ്രതിപക്ഷ ആവശ്യം. ബില്ലിന്റെ പേര് പഴയതു പോലെ നിലനിര്‍ത്തുക, സംസ്ഥാനത്തിന് അധികസാമ്പത്തികബാധ്യത വരുന്ന വ്യവസ്ഥ ഒഴിവാക്കുക, തൊഴില്‍ ദിനങ്ങള്‍ 200 ആക്കി ഉയര്‍ത്തുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചിരുന്നു.