അഗ്നിപഥുമായി മുന്നോട്ട് തന്നെ; സേനാമേധാവിമാര്‍ ഇന്ന് പ്രധാനമന്ത്രിയെ കാണും

അഗ്നിപഥ് പദ്ധതിയ്‌ക്കെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടയില്‍ പദ്ധതിയുമായി മുന്നോട്ട് പോവാന്‍ തന്നെ ഉറച്ച് കേന്ദ്ര സര്‍ക്കാര്‍. ഇന്ന് കര, വ്യോമ, നാവിക സേനാ മേധാവിമാര്‍ പ്രധാനമന്ത്രിയെ കാണും. ഈ പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച് ഇവര്‍ പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തും. ഓരോ സേനാധിപരും പ്രത്യേകമായി പ്രധാനമന്ത്രിയെ കാണുമെന്നും റിപ്പോര്‍ട്ടുണ്ട്.ഉച്ചയ്ക്ക് ശേഷമായിരിക്കും കൂടിക്കാഴ്ച.

എന്നാല്‍ അഗ്നി പഥ് എന്ന ഹ്രസ്വകാല സൈനിക റിക്രൂട്ട്‌മെന്റ് പദ്ധതിയെ ചൊല്ലിയുള്ള വിവാദങ്ങളും പ്രതിഷേധങ്ങളും കനക്കുമ്പോഴും ആദ്യഘട്ട റിക്രൂട്ട്മെന്റിന്റെ വിജ്ഞാപനം ഇന്ത്യന്‍ കരസേന പുറത്തിറക്കിയിരിക്കുകയാണ്.

തിങ്കളാഴ്ച പുറത്തിറക്കിയ വിജ്ഞാപനത്തില്‍ റിക്രൂട്ട്മെന്റ് റാലികള്‍ക്കുള്ള രജിസ്ട്രേഷന്‍ ജൂലൈ മുതല്‍ ആരംഭിക്കുമെന്നും കരസേന അറിയിച്ചു. മെഡിക്കല്‍ ബ്രാഞ്ചിലെ ടെക്നിക്കല്‍ കേഡര്‍ ഒഴികെയുള്ള സൈനികര്‍ക്ക് ഇന്ത്യന്‍ സൈന്യത്തിലേക്കുള്ള ഏക പ്രവേശന മാര്‍ഗം അഗ്നിപഥ് മാത്രമാണെന്ന് വിജ്ഞാപനം വ്യക്തമാക്കുന്നുണ്ട്.

മുമ്പ് അഗ്നിപഥിനെതിരായ പ്രക്ഷോഭത്തെ പരോക്ഷമായി പ്രധാനമന്ത്രി വിമര്‍ശിച്ചിരുന്നു. നല്ല ഉദ്ദേശ്യത്തോടെ വരുന്ന പദ്ധതികള്‍ക്കെതിരെ രാഷ്ട്രീയം കലര്‍ത്തി വിവാദമുണ്ടാക്കുന്നത് രാജ്യത്തിന്റെ പ്രതിസന്ധിയാണെന്നും ടിആര്‍പിക്ക് വേണ്ടി മാധ്യമങ്ങളും ഇതില്‍ വീഴുന്നെന്നുമായിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശം