മുൻ പ്രധാനമന്ത്രി മൻ‌മോഹൻ സിംഗിനെ നെഞ്ചുവേദനയെ തുടർന്ന് എയിംസിൽ പ്രവേശിപ്പിച്ചു

മുൻ പ്രധാനമന്ത്രി മൻ‌മോഹൻ സിംഗിനെ ഞായറാഴ്ച രാത്രി നെഞ്ചിലെ അസ്വസ്ഥതയെ തുടർന്ന് ഡൽഹിയിലെ എയിംസിൽ (ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്) പ്രവേശിപ്പിച്ചു. മുതിർന്ന കോൺഗ്രസ് നേതാവിനെ രാത്രി 8.45 ന് ആശുപത്രിയുടെ കാർഡിയോ തോറാസിക് വാർഡിലേക്ക് കൊണ്ടുപോയി, ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ്.

87 വയസുള്ള മൻമോഹൻ സിംഗിനെ സാധാരണ ആശുപത്രി മുറിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്, ഐസിയുവിൽ (തീവ്രപരിചരണ വിഭാഗത്തിൽ) അല്ല എന്നാണ് എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. മൻ‌മോഹൻ സിംഗ് 2009- ൽ എയിംസിൽ ഹാർട്ട്-ബൈപാസ് ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു, പത്ത് മണിക്കൂർ എടുത്ത് ചെയ്ത ശസ്ത്രക്രിയയിൽ അഞ്ച് ഗ്രാഫ്റ്റുകൾ (അടഞ്ഞ ധമനികളെ മറികടക്കുന്നതിനുള്ള ചാനലുകൾ) സ്ഥാപിച്ചു.