തണുത്ത് വിറങ്ങലിച്ച് ഉത്തരേന്ത്യ; നെടുമ്പാശ്ശേരിയിൽ നിന്ന് ‍ഡൽഹിയിലേക്കുള്ള വിമാന സർവീസുകൾ വൈകുന്നു, പലയിടങ്ങളിലും ദൃശ്യപരിധി പൂജ്യത്തിലേക്ക്

ഉത്തരേന്ത്യയിൽ അതിശൈത്യം അതിരൂക്ഷമായി തുടരുന്നു. ഡൽഹിയിൽ ഇപ്പോഴും കനത്ത മൂടൽ മഞ്ഞാണ് അനുഭവപ്പെടുന്നത്. മൂടൽമഞ്ഞിനെ തുടർന്ന് നെടുമ്പാശ്ശേരിയിൽ നിന്ന് ഡൽഹിയിലേക്കുള്ള വിമാന സർവീസുകൾ വൈകുന്നുണ്ട്. രാവിലെ ആറ് മണിക്ക് പുറപ്പെടേണ്ട വിമാനം ഇതുവരേയും പുറപ്പെട്ടിട്ടില്ല.

തിങ്കളാഴ്ച രാവിലെ 10.50ന് പുറപ്പെടേണ്ട വിമാനവും വൈകുമെന്നാണ് വിവരം. കഴിഞ്ഞ ദിവസവും വിമാന സർവീസ് വൈകിയിരുന്നു. ഞായറാഴ്ച കൊച്ചി-ദുബായ് വിമാനങ്ങൾ മണിക്കൂറുകളോളം വൈകിയിരുന്നു. ശൈത്യം റോഡ്, റെയിൽ ഗതാഗതത്തെയും ബാധിച്ചിട്ടുണ്ട്. പലയിടത്തും ദൃശ്യപരിധി പൂജ്യമാണ്.

രാജസ്ഥാനിലെ ശ്രീ ഗംഗാനഗർ, പട്യാല, അംബാല, ചണ്ഡിഗഡ്, പാലം, സഫ്ദർജംഗ് (ന്യൂഡൽഹി), ബറേലി, ലഖ്‌നൗ, ബഹ്‌റൈച്ച്, വാരണാസി, പ്രയാഗ്രാജ്, തേസ്പൂർ എന്നിവിടങ്ങളിലാണ് ഈ ശൈത്യകാലത്ത് ആദ്യമായി ദൃശ്യപരിമിതി പൂജ്യമായി രേഖപ്പെടുത്തിയതെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചു.

ഞായറാഴ്ച രാവിലെ ശരാശരി കുറഞ്ഞ താപനില ഏകദേശം 3 ഡിഗ്രി സെൽഷ്യസായി കുറഞ്ഞതോടെ ദേശീയ തലസ്ഥാനം തണുത്ത കാലാവസ്ഥയിൽ വിറച്ചു.ഡൽഹിയിലെ സഫ്ദർജംഗ് മേഖലയിൽ 3.5 ഡിഗ്രി സെൽഷ്യസാണ് കുറഞ്ഞ താപനില. അതേസമയം ഡൽഹിയിൽ അതിശൈത്യത്തിനിടെ സ്കൂളുകൾ ഇന്ന് തുറക്കും.