ബിജെപി ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് വനിതയെ പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ആര്‍എസ്എസും തീരുമാനത്തെ പിന്തുണയ്ക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് ആണ് പ്രഥമ പരിഗണനയെന്നാണ് വിവരം. നിര്‍മല സീതാരാമന് പുറമേ ഡി പുരന്ദേശ്വരി, വാനതി ശ്രീനിവാസന്‍ എന്നിവരും പരിഗണനയിലുണ്ട്.
പരിഗണനയിലുള്ള മൂന്ന് വനിതകളില്‍ പരിചയസമ്പത്തും പാര്‍ലമെന്ററി രംഗത്തെ മികവും പരിഗണിക്കുകയാണെങ്കില്‍ നിര്‍മല സീതരാമന് ആണ് മുന്‍തൂക്കം. ദക്ഷിണേന്ത്യയില്‍ ബിജെപിയ്ക്ക് കൂടുതല്‍ സ്വീകാര്യത നേടിയെടുക്കാനും ഇതിലൂടെ സാധിക്കുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.
കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ദിവസങ്ങള്‍ക്ക് മുന്‍പ് നിലവിലെ ദേശീയാധ്യക്ഷന്‍ ജെപി നദ്ദയുമായും ജനറല്‍ സെക്രട്ടറി ബിഎല്‍ സന്തോഷുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. ആന്ധ്രപ്രദേശ് ബിജെപി മുന്‍ അധ്യക്ഷയാണ് ഡി പുരന്ദേശ്വരി. ഓപ്പറേഷന്‍ സിന്ദൂര്‍ വിശദീകരിക്കാനുള്ള ഇന്ത്യന്‍ പ്രതിനിധി സംഘത്തില്‍ പുരന്ദേശ്വരിയും അംഗമായിരുന്നു.
Read more
ദക്ഷിണേന്ത്യയില്‍ ബിജെപിയുടെ അറിയപ്പെടുന്ന നേതാവ് കൂടിയാണിവര്‍. തമിഴ്നാട്ടില്‍ നിന്നുള്ള നേതാവായ വാനതി ശ്രീനിവാസന്‍ നിലവില്‍ കോയമ്പത്തൂര്‍ സൗത്തില്‍ നിന്നുള്ള എംഎല്‍എയാണ്. പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി, ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ വാനതി പ്രവര്‍ത്തിച്ചിട്ടുണ്ട്. 2020ല്‍ ബിജെപി മഹിളാ മോര്‍ച്ചയുടെ ദേശീയ അധ്യക്ഷയായി. 2022ല്‍ ബിജെപിയുടെ ദേശീയ തിരഞ്ഞെടുപ്പ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.