കേന്ദ്രത്തിന് തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുമെന്ന ഭീതി; കര്‍ഷകരുടെ വിജയമെന്ന് എളമരം കരീം

കേന്ദ്ര സര്‍ക്കാര്‍ വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചതിന് പിന്നില്‍ തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുമെന്ന ഭീതിയെന്ന് എളമരം കരീം എം.പി. കര്‍ഷക താല്‍പര്യം സംരക്ഷിക്കാനല്ല ബില്ലുകള്‍ പിന്‍വലിച്ചത്. കര്‍ഷക സമരത്തിന്റെ വിജയമാണിതെന്നും അദ്ദേഹം പറഞ്ഞു.

കര്‍ഷക സമരത്തെ അടിച്ചമര്‍ത്താനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിച്ചത്. ഖാലിസ്ഥാന്‍ തീവ്രവാദികള്‍ മാവോവാദികള്‍, അര്‍ബന്‍ നക്സലൈറ്റുകള്‍ എന്നിങ്ങനെയെല്ലാം ആരോപണങ്ങല്‍ ഉന്നയിച്ചു. പൊലീസിനെ ഉപയോഗിച്ച് സമരക്കാരെ നേരിട്ടു. പൊലീസ് അക്രമത്തില്‍ ഹരിയാനയില്‍ കര്‍ഷകര്‍ കൊല്ലപ്പെട്ടു. ലഖിംപുരില്‍ വാഹനമിടിച്ചു കയറ്റി കര്‍ഷകരെ കൊല ചെയ്തു. ആയിരത്തോളം കര്‍ഷകരാണ് സമരത്തില്‍ കൊല്ലപ്പെട്ടത്. ഇതെല്ലാം അതിജീവിച്ചാണ് കര്‍ഷകര്‍ സമരം തുടര്‍ന്നത്. ഇതിനിടയില്‍ ഒരിക്കല്‍ പോലും പ്രധാനമന്ത്രി കര്‍ഷകരോട് സംസാരിക്കാന്‍ തയ്യാറായില്ല.

വരാനിരിക്കുന്ന യു.പി- ഉത്തരാഖണ്ഡ് തിരഞ്ഞെടുപ്പുകളില്‍ പരാജയപ്പെടുമെന്ന ഭീതിയെ തുടര്‍ന്നാണ് സര്‍ക്കാരിന്റെ ഈ പിന്മാറ്റം. കഴിഞ്ഞ കേരളം, തമിഴ്നാട്, ബംഗാള്‍, അസം തിരഞ്ഞെടുപ്പികള്‍ ബിജെപി നേരിട്ടത് കനത്ത തിരിച്ചടിയാണ്. ഇത് മുന്നില്‍ കണ്ടാണ് പുതിയ പ്രഖ്യാപനം. ബില്ലുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരാകുകയായിരുന്നു. ബിജെപിയെ തോല്‍പിക്കാന്‍ സംയുക്ത കര്‍ഷകസമിതി മിഷന്‍ യു.പി, മിഷന്‍ ഉത്തരാഖണ്ഡ് എന്നിങ്ങനെ രണ്ട് പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സർക്കാർ നിര്‍ബന്ധിതമായതാണ് ഈ പിന്നോക്കമെന്നും എളമരം കരീം പറഞ്ഞു.