ഫാത്തിമയുടെ മരണം: ബന്ധുക്കൾ പ്രധാനമന്ത്രിയെ കണ്ട് നേരിട്ട് പരാതി നൽകും; മൊബൈൽ ഫോൺ പരിശോധന ഇന്ന്

മദ്രാസ് ഐഐടിയിലെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കാണപ്പെട്ട മലയാളി വിദ്യാർത്ഥിനി ഫാത്തിമ ലത്തീഫിന്റെ പിതാവും സഹോദരിയും ഇന്നു രാവിലെ ചെന്നൈ ഫൊറൻസിക് വകുപ്പ് ഓഫിസിലെത്തും. ഫാത്തിമയുടെ ലാപ്‌ടോപും ടാബും അന്വേഷണ ഉദ്യോഗസ്ഥർക്ക് കൈമാറും. പ്രധാനമന്ത്രിയേയും നേരിൽ കണ്ട് പരാതി ബോധിപ്പിച്ച ശേഷമേ തിരികെ നാട്ടിലേക്ക് മടങ്ങൂ എന്ന് പിതാവ് അബ്ദുൽ ലത്തീഫ് പറഞ്ഞു.

ഫാത്തിമയുടെ ലാപ്‌ടോപ്പും ഫോണും ഹാജരാക്കാണമെന്ന് ആവശ്യപ്പെട്ട് കമ്മീഷണർ ഓഫീസിൽ നിന്നും കത്ത് വന്നതിന്റെ അടിസ്ഥാനത്തിലാണ് പിതാവ് അബ്ദുൽ ലത്തീഫും സഹോദരി അയിഷ ലത്തീഫും ചെന്നൈയിലേക്കെത്തിയത്. ഇവർക്കൊപ്പം മുൻ മേയർ രാജേന്ദ്രബാബുവും സംഘത്തിലുണ്ട്.

ഫാത്തിമയുടെ ഫോൺ തങ്ങളുടെ സാന്നിദ്ധ്യത്തിൽ മാത്രമേ പരിശോധിക്കാവൂ എന്നാവശ്യപ്പെട്ട് നേരേത്തേ അബ്ദുൽ ലത്തീഫ് അപേക്ഷ നൽകിയിരുന്നു. ഈ അപേക്ഷ അന്വേഷണ ഉദ്യോഗസ്ഥർ അംഗീകരിച്ചിട്ടുണ്ട്. അതിനായി ഫോറൻസിക് ഉദ്യോഗസ്ഥരുടെ മുന്നിലാവും സംഘം ആദ്യം ഹാജരാവുക. പിന്നാലെ അന്വേഷണ ഉദ്യോഗസ്ഥരെയും സംഘം നേരിൽ കാണും. ശേഷം തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമിയെയും എം.കെ സ്റ്റാലിനെയും സന്ദർശിക്കും.

ഒപ്പം തന്റെ മകളുടെ മരണത്തിന് പിന്നിലെ ദുരൂഹത കണ്ടെത്തുക, കൊല്ലം മേയറേയും തന്റെ മകളേയും അപമാനിച്ച കോട്ടുർ പുരം പൊലീസിനെതിരെ നടപടിയെടുക്കുക, മദ്രാസ് ഐഐടിയിൽ നിരന്തരമായി നടക്കുന്ന വിദ്യാർത്ഥി ആത്മഹത്യകൾ അന്വേഷിക്കുക എന്നീ ആവശ്യങ്ങൾ ചൂണ്ടിക്കാട്ടി ചെന്നൈ ഹൈക്കോടതിയെ സമീപിക്കും. അന്വേഷണം ശരിയായ ദിശയിലാണ് നടക്കുന്നതെന്ന് വിശ്വസിക്കുന്നതായും ലത്തീഫ് പുറപ്പെടും മുമ്പ് മാധ്യമങ്ങളോട് പറഞ്ഞു.