മുന്നറിയിപ്പുമായി കർഷകർ; യോ​ഗിയും മോദിയും ഇത് കാണുന്നുണ്ടോ, മഹാപഞ്ചായത്തിൽ എത്തിയത് പതിനായിരങ്ങൾ, സെപ്തംബർ 27ന് ഭാരത ബന്ദ്

കേന്ദ്രസർക്കാരിന്റെ വിവാദ കാർഷകനിയമങ്ങൾക്കെതിരെ ഉത്തർപ്രദേശിൽ സംയുക്ത കിസാൻമോർച്ചയുടെ നേതൃത്വത്തിൽ നടത്തിയ മെഗാ മഹാപഞ്ചായത്തിൽ എത്തിയത് പതിനായിരക്കണക്കിന് കർഷകർ.

ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് തിരഞ്ഞെടുപ്പുകളിൽ ബിജെപിയെ അധികാരത്തിൽ നിന്ന് പുറത്താക്കുമെന്നും ഇതിന് മുന്നോടിയായി സെപ്തംബർ 27ന് ഭാരത ബന്ദ് സംഘടിപ്പിക്കുമെന്നും ഓൾ ഇന്ത്യാ കിസാൻ സഭ പ്രസിഡന്റ് ഡോ. അശോക് ധാവലെ പറഞ്ഞു.

ഒമ്പത് മാസം നീണ്ടു നിന്ന കർഷക സമര പരിപാടികളിൽ ഏറ്റവും അധികം കർഷകർ പങ്കെടുത്ത പരിപാടിയാണ് ഇതെന്ന് സംഘാടകർ പറഞ്ഞു.

മഹാസംഗമത്തില്‍ അണിചേരാന്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്ന് കനത്തമഴയെ അവഗണിച്ചാണ് കര്‍ഷകര്‍ എത്തിയത്. ഹരിയാന, പഞ്ചാബ്, മധ്യപ്രദേശ്, രാജസ്ഥാന്‍, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളില്‍ നിന്നാണ് മുഖ്യമായും കര്‍ഷകര്‍ റാലിക്ക് എത്തുന്നത്.

ഹാപൂർ, അലീഗഡ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽനിന്നാണു കർഷകർ സമ്മേളന വേദിയിലെത്തിയിട്ടുണ്ടെന്നു സംഘാടകർ ദേശീയ മാധ്യമത്തോടു പറഞ്ഞു.

പഞ്ചായത്ത് യോഗി, മോദി സർക്കാരുകൾക്ക് കർഷകരുടെയും തൊഴിലാളികളുടെയും ശക്തി മനസ്സിലാക്കിക്കൊടുക്കുമെന്നും അവർ ഇതു കാണുന്നുണ്ടോ എന്നും നേതാക്കൾ ചോദിച്ചു.

അതേസമയം മഹാപഞ്ചായത്തിൽ പങ്കെടുത്ത കർഷകരുടെ വീഡിയോ പങ്കുവച്ച് ബിജെപി നേതാവ് വരുൺ ഗാന്ധി രംഗത്തെത്തി. കർഷകരോട് ബഹുമാനപൂർവ്വം വീണ്ടും ഇടപെടാൻ തുടങ്ങണമെന്ന് വരുൺ ഗാന്ധി ട്വിറ്ററിൽ കുറിച്ചു.