ഹരിയാനയില്‍ ബിജെപിയ്ക്ക് വിനയായി കര്‍ഷക സമരം; കര്‍ഷക രോഷം കണ്ട് ഓടി രക്ഷപ്പെട്ട്  സ്ഥാനാര്‍ത്ഥി

ഹരിയാനയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയ്ക്ക് നേരെ കര്‍ഷകരോഷം അണപൊട്ടി. റാതിയ നിയമസഭ മണ്ഡലത്തില്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥി സുനിത ദഗ്ഗലിനെതിരെയാണ് പ്രചാരണ പരിപാടികള്‍ക്കിടെ കര്‍ഷക രോക്ഷം ഉയര്‍ന്നത്. കര്‍ഷക രോക്ഷം ഉയര്‍ന്നതിന് പിന്നാലെ സ്ഥലംവിട്ട സ്ഥാനാര്‍ത്ഥിയെ കര്‍ഷകര്‍ പിന്തുടര്‍ന്നതോടെ ഇവര്‍ ഓടി രക്ഷപ്പെട്ടതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ലാംബ ഗ്രാമത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സുനിത ദഗ്ഗല്‍. ഈ സമയം ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് സത്‌നാം ലാംബയുടെ നേതൃത്വത്തില്‍ സ്ഥലത്തെത്തിയ കര്‍ഷക പ്രവര്‍ത്തകര്‍ പ്രതിഷേധം ആരംഭിക്കുകയായിരുന്നു. കര്‍ഷകര്‍ ശംഭു-ഖനൗരി അതിര്‍ത്തികളില്‍ നടത്തുന്ന സമരം യാഥാര്‍ത്ഥ്യമാണെന്ന് അംഗീകരിക്കാന്‍ ദഗ്ഗലിനെ നിര്‍ബന്ധിക്കുകയായിരുന്നു.

Read more

പഞ്ചാബില്‍ നിന്നുള്ള കര്‍ഷകന്‍ ശുഭ്കരണ്‍ സിംഗിന്റെ മരണത്തില്‍ സമഗ്ര അന്വേഷണം വേണമെന്നും ബികെയു പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. ഇതിന് പിന്നാലെയാണ് സുരക്ഷ ഉദ്യോഗസ്ഥര്‍ സ്ഥലത്ത് നിന്ന് രക്ഷപ്പെടുത്തുകയായിരുന്നു. എന്നാല്‍ ദഗ്ഗലിനെ പിന്തുടര്‍ന്ന പ്രതിഷേധക്കാര്‍ ഇവരെ ധാനി ഗ്രാമത്തില്‍ വച്ച് വളഞ്ഞതോടെയാണ് സ്ഥാനാര്‍ത്ഥി ഓടി രക്ഷപ്പെട്ടത്.