ലഖിംപൂരിലേക്ക് കർഷക മാർച്ച് ആഹ്വാനം ചെയ്തു; ട്രെയിൻ തടയലും, മഹാപഞ്ചായത്തും നടത്തും

യുപിയിലെ ലഖിംപൂർ ഖേരിയിൽ നാല് കർഷകർ ഉൾപ്പെടെ എട്ട് പേർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് ഒക്ടോബർ 18 ന് ‘റെയിൽ റോക്കോ’ (ട്രെയിൻ തടയൽ) ആഹ്വാനം ചെയ്ത് കർഷക സംഘങ്ങൾ. ഒക്ടോബർ 26 ന് ലക്‌നൗവിൽ മഹാപഞ്ചായത്തും നടത്തും.

കേന്ദ്ര ആഭ്യന്തര സഹ മന്ത്രി അജയ് മിശ്രയെ പുറത്താക്കണമെന്നും എഫ്ഐആറിൽ കൊലക്കേസ് പ്രതിയായി പേരെടുത്തിട്ടും സ്വതന്ത്രനായി തുടരുന്ന അജയ് മിശ്രയുടെ മകൻ ആശിഷിനെ അറസ്റ്റ് ചെയ്യണമെന്നും കർഷകർ ആവശ്യപ്പെട്ടിട്ടുണ്ട്.

“രാജ്യത്തുടനീളമുള്ള കർഷകർ ഒക്ടോബർ 12 ന് ലഖിംപൂർ ഖേരിയിലെത്തും … അവിടെ നടന്നത് ജാലിയൻവാലാബാഗിന് സമാനമായ സംഭവമാണ്, കൂടാതെ എല്ലാ പൗര സംഘടനകളോടും അവരുടെ നഗരങ്ങളിൽ രാത്രി 8 മണിക്ക് (ഒക്ടോബർ 12 ന്) മെഴുകുതിരി മാർച്ച് നടത്താൻ ഞങ്ങൾ അഭ്യർത്ഥിക്കുന്നു,” സ്വരാജ് ഇന്ത്യ മേധാവി യോഗേന്ദ്ര യാദവ് പറഞ്ഞു.

“കർഷകർ എല്ലാ സംസ്ഥാനങ്ങളിലും പോയി ലഖിംപൂർ ഖേരിയിൽ മരിച്ച കർഷകരുടെ ചിതാഭസ്മം നിമജ്ജനം ചെയ്യും ഒക്ടോബർ 15 ദസറ ദിനത്തിൽ എല്ലാ കർഷകരും പ്രധാനമന്ത്രി മോദിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും കോലം കത്തിക്കും, ” യോഗേന്ദ്ര യാദവ് കൂട്ടിച്ചേർത്തു.