സമരഭൂമിയില്‍ ആശ്വാസമേകി കര്‍ഷക ആശുപത്രി; ആറായിരത്തിലധികം ആളുകള്‍ക്ക് സൗജന്യ ചികിത്സ നല്‍കി

ഒരു വര്‍ഷക്കാലമായി സ്വന്തം വീടും നാടും വിട്ട് സിംഗുവിലെ അതിര്‍ത്തിയില്‍ വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പോരാടിയ കര്‍ഷകര്‍ക്ക് ആശ്വാസമായിരുന്നു കിസാന്‍ മസ്ദൂര്‍ ഏകതാ ആശുപത്രി. ഒരു ചെറിയ ഫാര്‍മസി ആയിട്ടാണ് ഈ ആശുപത്രി പ്രവര്‍ത്തനം ആരംഭിച്ചത്. സമരത്തില്‍ പങ്കെടുക്കാന്‍ കൂടുതല്‍ കര്‍ഷകര്‍ സിംഗുവിലേയ്ക്ക് എത്താന്‍ തുടങ്ങിയതോടെ താല്‍ക്കാലിക ഷെഡ് കെട്ടി അതിലായി ആളുപത്രിയുടെ പ്രവര്‍ത്തനം.

ലൈഫ് കെയര്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ ഇവിടെ ലാബും ഇ.സി.ജിയും അടക്കമുള്ള സംനിധാനങ്ങള്‍ ഒരുക്കി. സൗജന്യ സേവനം നല്‍കികൊണ്ട് ഡല്‍ഹി എയിംസിലെ ഡോക്ടര്‍മാരും വന്നു. അന്നദാതാക്കളായ കര്‍ഷകരുടെ ആരോഗ്യം സംരക്ഷിക്കാന്‍ അമേരിക്ക, കാനഡ തുടങ്ങിയ വിദേശ രാജ്യങ്ങളില്‍ നിന്ന് വരെ ഡോക്ടര്‍മാര്‍ ലീവെടുത്ത് കിസാന്‍ മസ്ദൂര്‍ ആശുപത്രിയിലേക്ക് എത്തി.

ആറായിരത്തിലധികം ആളുകള്‍ക്ക് ഇവിടെ നിന്നും സൗജന്യ ചികിത്സ ലഭ്യമായി. ഓരോ ദിവസവും ഒ.പിയില്‍ ഇരുന്നൂറ്റി അമ്പതോളം ആളുകളാണ് ചികിത്സ തേടിയിരുന്നത് എന്ന് ഡോ.അഫ്താര്‍ സിങ് പറഞ്ഞു. ഒരു വര്‍ഷമായി ഈ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുകയാണ് ഡോ.അഫ്താര്‍ സിങ്. കോവിഡ് രൂക്ഷമായ സാഹചര്യത്തില്‍ ഡല്‍ഹി ഓക്‌സിജന്‍ സിലിണ്ടറുകള്‍ക്കായി ബുദ്ധിമുട്ടിയപ്പോള്‍ സഹായഹസ്തവുമായി ഈ ആശുപത്രിയുണ്ടായിരുന്നു.പ്രതിസന്ധി ഘട്ടത്തില്‍ കര്‍ഷകര്‍ക്കും സമീപവാസികള്‍ക്കും ആശ്വാസമേകിയ ഈ ആശുപതിയ്ക്ക് പ്രവര്‍ത്തിക്കാന്‍ പഞ്ചാബില്‍ ഇടം നല്‍കാമെന്ന് ഒരു ഡോക്ടര്‍ ഇതിനോടകം പറയുകയും ചെയ്തിട്ടുണ്ട്.