മഹാരാഷ്ട്രയില്‍ ഫഡ്‌നാവിസ് മുഖ്യമന്ത്രി പദത്തിലേക്ക് ? സര്‍ക്കാര്‍ രൂപീകരണത്തിന് ഒരുങ്ങി ബി.ജെ.പി

ശിവസേനയിലെ വിമത നീക്കത്തില്‍ വീണ് മഹാരാഷ്ട്ര സര്‍ക്കാര്‍. ദിവസങ്ങള്‍ക്കുള്ളില്‍ ദേവേന്ദ്ര ഫഡ്നവിസ് മുഖ്യമന്ത്രിയാകുമെന്ന പ്രചാരണം ശക്തമായിരിക്കുകയാണ്. ശിവസേന നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തുവെന്ന അവകാശവാദവുമായി വിമത നേതാവ് എക്‌നാഥ് ഷിന്‍ഡെ രംഗത്തെത്തി.

നിയമസഭാ കക്ഷി നേതാവ് താനാണെന്നു ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ക്കും നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ക്കും ഷിന്‍ഡെ കത്തയച്ചു.

37 ശിവസേന എംഎല്‍എമാരുടെ ഒപ്പോടെയുള്ള കത്താണ് ഷിന്‍ഡെ ഗവര്‍ണര്‍ക്ക് അയച്ചിരിക്കുന്നത് . അതേസമയം ഏക്‌നാഥ് ഷിന്‍ഡെയെ പിന്തുണക്കുന്ന എംഎല്‍എമാരുടെ എണ്ണം 42 ആയി ഉയര്‍ന്നെന്നാണ് സൂചന. കൂടുതല്‍ എംഎല്‍എമാരുടെ പിന്തുണ ഉറപ്പിച്ച ഏകനാഥ് ഷിന്‍ഡെ ഇന്ന് ഗവര്‍ണറെ കണ്ടേക്കും.

അതിനിടെ അമിത് ഷാ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന് നേതാക്കളുമായി ദേവേന്ദ്ര ഫഡ്‌നാവിസ് നിര്‍ണായക കൂടിക്കാഴ്ച നടത്തും. അതേസമയം ഷിന്‍ഡെ ഉള്‍പ്പെടെ 13 എം.എല്‍.എമാരെ അയോഗ്യരാക്കാന്‍ ആവശ്യപ്പെട്ട് ഉദ്ധവ് താക്കറെ കത്ത് നല്‍കി.

എട്ട് മന്ത്രിസ്ഥാനം ഉള്‍പ്പെടെ വലിയ വാഗ്ദാനങ്ങളാണ് ബി.ജെ.പി വിമതര്‍ക്ക് മുന്നില്‍ വെച്ചിട്ടുള്ളതെന്നാണ് സൂചന. ശിവസേനയുടെയും എന്‍.സി.പിയുടെയും പൂര്‍ണ പിന്തുണ ഉള്ളതിനാല്‍ മഹാവികാസ് അഖാഡിയായി പ്രതിപക്ഷത്തിരിക്കാനാണ് ഉദ്ധവ് താക്കറെയുടെ നീക്കം.