അശ്ലീല ഉള്ളടക്കം: അഞ്ച് ഒടിടി പ്ലാറ്റ്‌ഫോമുകളെ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു; ഉള്ളടക്കം ഇന്ത്യന്‍ നിയമങ്ങളുടെ ഗുരുതര ലംഘനമെന്ന കണ്ടെത്തലില്‍ നടപടി

അശ്ലീല ഉള്ളടക്കം സംപ്രേഷണം ചെയ്തതിന് അഞ്ച് ഒടിടി പ്ലാറ്റ്ഫോമുകളെ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു. മൂഡ്എക്‌സ് വിഐപി, കോയല്‍ പ്ലേപ്രോ, ഡിജിമൂവി പ്ലക്‌സ്, ഫീല്‍, ജുഗ്നു എന്നീ പ്ലാറ്റ്‌ഫോമുകളെയാണ് വാര്‍ത്താ വിതരണ മന്ത്രാലയം നിരോധിച്ചത്. ഒടിടി പ്ലാറ്റ്ഫോമുകളിലെ ഉള്ളടക്കം ഇന്ത്യന്‍ നിയമങ്ങളുടെ ഗുരുതരമായ ലംഘനം ആണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. അശ്ലീലവും മോശവുമായ ഉള്ളടക്കങ്ങള്‍ സംപ്രേഷണം ചെയ്തുവെന്ന് വാര്‍ത്താ വിതരണ മന്ത്രാലയം കണ്ടെത്തി.

ഐടി ചട്ടങ്ങള്‍ അനുസരിച്ച് ഇത്തരം പ്ലാറ്റ്ഫോമുകളിലേക്കുള്ള പ്രവേശനം തടയാന്‍ സര്‍ക്കാരിന് ഇന്റര്‍നെറ്റ് സേവന ദാതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കാം. ഐടി ആക്ടിന്റെ സെക്ഷന്‍ 69എ പ്രകാരം ഓണ്‍ലൈന്‍ ഉള്ളടക്കങ്ങള്‍ തടയാന്‍ കേന്ദ്രത്തിന് അധികാരമുണ്ട്. അശ്ലീലവും മോശവുമായ ഉള്ളടക്കങ്ങള്‍ സംപ്രേഷണം ചെയ്തതിന് കഴിഞ്ഞ വര്‍ഷം ജൂലൈയിലും ആപ്പുകളും വെബ്സൈറ്റുകളും കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചിരുന്നു. കഴിഞ്ഞവര്‍ഷം 25 ആപ്പുകള്‍ക്കെതിരെയാണ് നടപടി എടുത്തത്.

Read more

ഔദ്യോഗിക അറിയിപ്പുകളോട് പ്രതികരിക്കാത്ത സാഹചര്യത്തില്‍ നിയമവിരുദ്ധമായ ഉള്ളടക്കം നീക്കം ചെയ്യാന്‍ സര്‍ക്കാരിനെ അധികാരപ്പെടുത്തുന്ന ഐടി ആക്ടിലെ സെക്ഷന്‍ 79(3)(ബി) പ്രകാരമാണ് മന്ത്രാലയം നടപടി സ്വീകരിച്ചത്. ആഭ്യന്തര മന്ത്രാലയം, വനിതാ ശിശു വികസന മന്ത്രാലയം അടക്കമുള്ള വകുപ്പുകളുമായും വിദഗ്ധരുമായും ചര്‍ച്ചകള്‍ നടത്തിയ ശേഷമാണ് തീരുമാനം എടുത്തത്.