കോണ്‍ഗ്രസ് ഇത്തവണയും കളത്തിന് പുറത്ത്; ഡല്‍ഹി ബിജെപി പിടിക്കുമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍

ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് പൂര്‍ത്തിയായതിന് പിന്നാലെ പുറത്തുവന്ന എക്സിറ്റ് പോള്‍ ഫലങ്ങളില്‍ ബിജെപിയ്ക്ക് മുന്‍തൂക്കം. പോളിംഗ് സമയം അവസാനിച്ചതിന് പിന്നാലെ പുറത്ത് വന്ന അഭിപ്രായ സര്‍വേ ഫലങ്ങളില്‍ ബഹുഭൂരിപക്ഷവും ബിജെപിക്ക് വ്യക്തമായ ആധിപത്യം പ്രവചിക്കുന്നത്.

അഞ്ച് എക്‌സിറ്റ് പോളുകള്‍ ബിജെപിക്ക് അനുകൂലമായി പ്രവചനം നടത്തി. ബിജെപിക്ക് 35 മുതല്‍ 60 സീറ്റുകള്‍ വരെ ലഭിക്കുമെന്നാണ് വിവിധ സര്‍വേകള്‍ പ്രവചിക്കുന്നത്. ആംആദ്മി പാര്‍ട്ടിക്ക് 32 മുതല്‍ 37 വരെ സീറ്റുകള്‍ ലഭിച്ചേക്കാം. 2013 മുതല്‍ എഎപി ആണ് ഡല്‍ഹിയില്‍ ഭരണം കയ്യാളുന്നത്.

അതിന് മുമ്പ് 15 വര്‍ഷം രാജ്യതലസ്ഥാനത്ത് ഭരണത്തിലുണ്ടായിരുന്ന കോണ്‍ഗ്രസിന് പരമാവധി മൂന്ന് സീറ്റുകളാണ് പ്രവചിക്കപ്പെടുന്നത്. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും ഡല്‍ഹിയില്‍ അക്കൗണ്ട് തുറക്കാന്‍ പോലും കോണ്‍ഗ്രസിന് കഴിഞ്ഞിരുന്നില്ല. പി-മാര്‍കിന്റെ എക്‌സിറ്റ് പോളില്‍ ബിജെപിക്ക് 39 മുതല്‍ 49 സീറ്റുകള്‍ വരെ ലഭിക്കുമെന്നാണ് പ്രവചനം.

ആംആദ്മി പാര്‍ട്ടിക്ക് 21 മുതല്‍ 31 വരെ സീറ്റുകളും കോണ്‍ഗ്രസ് ഒരുസീറ്റ് വരെ ലഭിച്ചേക്കാമെന്നും പി-മാര്‍ക് പ്രവചിക്കുന്നു. ജെവിസിയുടെ എക്സിറ്റ്‌പോള്‍ ഫലത്തില്‍ ബിജെപിക്ക് വന്‍മുന്നേറ്റമാണ് പ്രവചിക്കുന്നത്. ബിജെപിക്ക് 39 മുതല്‍ 45 വരെ സീറ്റുകളാണ് ജെവിസി പ്രവചിക്കുന്നത്. ആംആദ്മിക്ക് 22 മുതല്‍ 31 വരെ സീറ്റുകളും കോണ്‍ഗ്രസിന് രണ്ടുസീറ്റ് വരെയും.

മാട്രിസ് എക്‌സിറ്റ് പോളില്‍ ബി.ജെ.പിക്ക് 35 മുതല്‍ 40 വരെ സീറ്റുകളാണ് പ്രവചിക്കുന്നത്. ആംആദ്മിക്ക് 32 മുതല്‍ 37 വരെ സീറ്റുകളും കോണ്‍ഗ്രസിന് ഒരുസീറ്റും മാട്രിസ് പ്രവചിക്കുന്നു. ചാണക്യ സ്ട്രാറ്റജീസിന്റെ എക്സിറ്റ് പോളിലും ബിജെപിക്കാണ് മുന്‍തൂക്കം. 39 മുതല്‍ 44 വരെ സീറ്റുകളില്‍ ബിജെപി വിജയിച്ചേക്കുമെന്നാണ് ചാണക്യയുടെ പ്രവചനം. 25 മുതല്‍ 28 വരെ സീറ്റുകളാണ് ആംആദ്മിക്ക് പ്രവചിക്കുന്നത്.