നിർഭയ കുറ്റവാളികളെ തൂക്കിലേറ്റിയത് ഇന്ത്യയുടെ മനുഷ്യാവകാശ ചരിത്രത്തിലെ ‘ഇരുണ്ട കറ’: ആംനസ്റ്റി ഇന്ത്യ

സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ അവസാനിപ്പിക്കുന്നതിന് വധശിക്ഷ ഒരിക്കലും പരിഹാരമല്ലെന്ന് മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റർനാഷണൽ ഇന്ത്യ വെള്ളിയാഴ്ച പറഞ്ഞു. നാല് നിർഭയ കേസ് കുറ്റവാളികളുടെ വധശിക്ഷ നടപ്പിലാക്കിയത് ഇന്ത്യയുടെ മനുഷ്യാവകാശ ചരിത്രത്തിലെ “ഇരുണ്ട കറ” ആണെന്ന് സംഘടന പറഞ്ഞു. വധശിക്ഷ നടപ്പാക്കുന്നത് കുറ്റകൃത്യങ്ങൾ പരിഹരിക്കാനുള്ള ദൃഢ നിശ്ചയത്തിന്റെ പ്രതീകമായി ഇന്ത്യയിലെ നിയമനിർമ്മാതാക്കൾ മുന്നോട്ട് വയ്ക്കാറുണ്ട് എന്ന് ആംനസ്റ്റി ഇന്റർനാഷണൽ ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടർ പറഞ്ഞു.

“2015 ഓഗസ്റ്റ് മുതൽ ഇന്ത്യ ആരെയും വധിച്ചിട്ടില്ല, സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ കൈകാര്യം ചെയ്യുന്നതിന്റെ പേരിൽ നാല് പുരുഷന്മാരെ ഇന്ന് വധിച്ചത് നിർഭാഗ്യകരമാണ്. ഇന്ത്യൻ കോടതികൾ ഇത് ഏകപക്ഷീയമായും ഔചിത്യമില്ലാതെയും പ്രയോഗിക്കുന്നതായി ആവർത്തിച്ചു കണ്ടെത്തിയിട്ടുണ്ട്,” ആംനസ്റ്റി ഇന്റർനാഷണൽ ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടർ അവിനാശ് കുമാർ പറഞ്ഞു.

ലിംഗാധിഷ്ഠിത അതിക്രമങ്ങൾ കുറയ്ക്കുന്നതിനുള്ള പ്രതിരോധ, സംരക്ഷണ സംവിധാനങ്ങൾ, അന്വേഷണം മെച്ചപ്പെടുത്തൽ, പ്രോസിക്യൂഷൻ, ഇരകളുടെ കുടുംബങ്ങൾക്കുള്ള പിന്തുണ എന്നിവ പോലുള്ള ഫലപ്രദവും ദീർഘകാലവുമായ പരിഹാരങ്ങളാണ് യഥാർത്ഥത്തിൽ ആവശ്യമെന്ന് അദ്ദേഹം പറഞ്ഞു.

“നടപടിക്രമങ്ങളിലും സ്ഥാപനങ്ങളിലും ദൂരവ്യാപകമായ പരിഷ്കാരങ്ങൾ കാലത്തിന്റെ ആവശ്യമാണ്,” അദ്ദേഹം പറഞ്ഞു.