വിമത വെല്ലുവിളി നേരിടാനാകാതെ കര്‍ണാടക ബിജെപി; പത്രിക പിന്‍വലിക്കില്ലെന്ന് ഈശ്വരപ്പ; ശിവമോഗയില്‍ യെദ്യൂരപ്പയുടെ മകന്‍ വിയര്‍ക്കുന്നു

ലോകസഭാ തിരഞ്ഞെടുപ്പില്‍ കര്‍ണാടക ബിജെപിക്ക് വിമത ഭീഷണി. ശിവമോഗയിലെ സ്വതന്ത്ര സ്ഥാനാര്‍ഥി കെ.എസ്. ഈശ്വരപ്പ പത്രിക പിന്‍വലിക്കാതായതോടെയാണ് ബിജെപി വെട്ടിലായിരിക്കുന്നത്. നേരത്തെ ഈശ്വരപ്പ നാമനിര്‍ദേശപത്രിക പിന്‍വലിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. മുന്‍ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയുടെ മകനും ബിജെപി സ്ഥാനാര്‍ത്ഥിയുമായ ബി.വൈ. രാഘവേന്ദ്രക്കെതിരെയാണ് ശിവമോഗയില്‍ ഈശ്വരപ്പ മത്സരിക്കുന്നത്.

എന്നാല്‍, പ്രധാനമന്ത്രി നരേന്ദ്രമോദിയെ ശക്തിപ്പെടുത്തുകയാണ് തന്റെ ലക്ഷ്യം. ‘ഞാന്‍ നാമനിര്‍ദേശപത്രിക പിന്‍വലിക്കുമെന്ന് ചിലയാളുകള്‍ നുണപ്രചാരണം നടത്തുകയാണ്. എന്റെ പിന്നില്‍ അണിനിരക്കുന്നവരെ ഒരിക്കലും വഞ്ചിക്കില്ല. മത്സരിക്കുകതന്നെ ചെയ്യും. യുവാക്കളുടെയും സ്ത്രീകളുടെയും കര്‍ഷകരുടെയും ശക്തി എന്റെയൊപ്പമുണ്ടെന്ന് വെള്ളിയാഴ്ച നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാന്‍പോയപ്പോള്‍ തെളിയിച്ചതാണെന്നും ഈശ്വരപ്പ പറഞ്ഞു.

Read more

എന്നാല്‍, ഈശ്വരപ്പയെ അനുനയിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹത്തിന് പത്രിക പിന്‍വലിക്കാന്‍ ഇനിയും സമയമുണ്ടെന്നും ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് ബി.വൈ. വിജയേന്ദ്ര പറഞ്ഞു. മകന്‍ കെ.ഇ. കാന്തേഷിന് സീറ്റ് നല്‍കാത്തതിനെ തുടര്‍ന്നാണ് ഈശ്വരപ്പ ശിവമോഗയില്‍ സ്വതന്ത്രനായി മത്സരിക്കാന്‍ തീരുമാനിച്ചത്. അനുനയിപ്പിക്കാന്‍ ബി.ജെ.പി. ശ്രമിച്ചെങ്കിലും മത്സരിക്കാനുറച്ചുതന്നെയാണ് ഈശ്വരപ്പ.