ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ ഉണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ വധിച്ച് സൈന്യം. പഹൽഗാം ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചതായി കരുതപ്പെടുന്ന ആദിൽ ഹുസൈൻ തോക്കർ, അലി ഭായ്, ഹാഷിം മൂസ എന്നിവരെ പിടികൂടുന്നതിനായി സുരക്ഷാ ഏജൻസികൾ പോസ്റ്ററുകൾ സ്ഥാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്. അതേസമയം കൊല്ലപ്പെട്ട ഭീകരരിൽ ഒരാൾ ജമ്മു കശ്മീർ സ്വദേശിയാണെന്നും സൂചനയുണ്ട്.
ഭീകരർക്ക് കനത്ത തിരിച്ചടി നൽകുകയാണ് സുരക്ഷാസേന. വിശ്വസനീയമായ വിവരം നൽകുന്നവർക്ക് 20 ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യാ-പാക് വെടിനിർത്തൽ പ്രഖ്യാപനം നിലവിൽ വന്ന ശേഷം അതിർത്തിയിലെ സാഹചര്യം നിരീക്ഷിച്ച് ഇന്ത്യ. രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാന മന്ത്രി നരേന്ദ്ര മോദി സംസാരിച്ചതിന് പിന്നാലെയാണ് ജമ്മുവിലെയും പഞ്ചാബിലെയും സ്ഥലങ്ങളിൽ ഡ്രോൺ സാന്നിധ്യം കണ്ടെത്തിയത്. 12 ഡ്രോൺ വരെ എത്തിയതിനെ തുടർന്ന് അതിർത്തികളിൽ ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചു.
പ്രകോപനം ഉണ്ടായെങ്കിലും പിന്നീട് ഡ്രോണുകൾ തിരികെ പോയതായി സേന തന്നെ സ്ഥിരീകരിച്ചു. വെടിനിർത്തൽ ലംഘിച്ചു വീണ്ടും അതിർത്തിയിൽ ഡ്രോണുകൾ എത്തിയതിൽ ഇന്ത്യ പാകിസ്താനെ പ്രതിഷേധം അറിയിക്കും. മുൻകരുതലിന്റെ അടിസ്ഥാനത്തിൽ അതിർത്തി സംസ്ഥാനങ്ങളിലെ വിമാനത്താവളങ്ങളിൽ നിന്നുള്ള സർവീസുകൾ എയർ ഇന്ത്യയും ഇൻഡിഗോയും റദ്ദാക്കി. താത്കാലികമായാണ് വിമാന കമ്പനികളുടെ നടപടി.