ജമ്മു കശ്മീരിൽ നാല് ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ; വനമേഖലയിൽ മണിക്കൂറുകളായി സൈന്യം തീവ്രവാദികളുമായി പോരാട്ടം തുടരുന്നു

ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ നാല് ഭീകരരും സുരക്ഷാ സേനയും തമ്മിൽ വെടിവയ്പ്പ് നടന്നതായി സുരക്ഷാ വൃത്തങ്ങൾ. ആദ്യം കുൽഗാമിലും പിന്നീട് ഷോപ്പിയാനിലും ഏറ്റുമുട്ടൽ നടന്നു. സൈന്യത്തിന്റെയും അർദ്ധസൈനിക വിഭാഗങ്ങളുടെയും സുരക്ഷാ ഉദ്യോഗസ്ഥർ ഏകദേശം രണ്ട് മണിക്കൂറായി തീവ്രവാദികളുമായി പോരാടുകയാണ്.

ഏറ്റുമുട്ടലിൽ ലഷ്കർ-ഇ-തൊയ്ബ ഭീകരൻ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഷോപ്പിയാനിലെ കെല്ലർ വനമേഖലയിൽ മറ്റ് രണ്ട് ലഷ്കർ ഭീകരർ ഉണ്ടെന്ന വിവരം ലഭിച്ചതോടെ സുരക്ഷാ സേന വനമേഖല വളഞ്ഞ് തെരച്ചിൽ നടത്തുകയായിരുന്നു. തെരച്ചിലിനിടെ വെടിയൊച്ചകൾ കേട്ടുവെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

അതേസമയം ഓപ്പറേഷൻ സിന്ദൂരിന് ശേഷം, ഏതൊരു ഭീകരാക്രമണത്തെയും ഇനി യുദ്ധ നടപടിയായി കാണുമെന്നും ശക്തമായ പ്രതികരണം ഉണ്ടാകുമെന്നും ഇന്ത്യ പാകിസ്ഥാന് മുന്നറിയിപ്പ് നൽകിയിട്ടുള്ളതാണ്.