'ജനാധിപത്യ ചരിത്രത്തിലെ ഇരുണ്ട അധ്യായമാണ് അടിയന്തരാവസ്ഥ, ഒരു ഇന്ത്യക്കാരനും മറക്കില്ല'; പ്രധാനമന്ത്രി

ജനാധിപത്യ ചരിത്രത്തിലെ ഇരുണ്ട അധ്യായമാണ് അടിയന്തരാവസ്ഥയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ അധ്യായം ഒരു ഇന്ത്യക്കാരനും മറക്കില്ലെന്ന് പറഞ്ഞ പ്രധാനമന്ത്രി അടിയന്തരാവസ്ഥയുടെ സമയത്ത് ഭരണഘടനയിലെ മൂല്യങ്ങൾ മാറ്റിവയ്ക്കപ്പെട്ടതായും മൗലികാവകാശങ്ങൾ താൽക്കാലികമായി നിർത്തിവച്ചതായും വ്യക്തമാക്കി.

അടിയന്തരാവസ്ഥകാലത്ത് പത്രസ്വാതന്ത്ര്യം ഇല്ലാതാക്കിയെന്നും വിദ്യാർത്ഥികളും സാധാരണ പൗരന്മാരും ജയിലിൽ അടയ്ക്കപ്പെട്ടുവെന്നും പ്രധാനമന്ത്രി കുറിച്ചു. കോൺഗ്രസ് സർക്കാർ ജനാധിപത്യത്തെ തന്നെ അറസ്റ്റ് ചെയ്തുവെന്നും പ്രധാനമന്ത്രി വിമർശിച്ചു. അതേസമയം 42-ാമത് ഭേദഗതി കോൺഗ്രസ്സിന്റെ കപടത്വത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.

ദരിദ്രരും, പാർശ്വവൽക്കരിക്കപ്പെട്ടവരുമായുള്ള അവഗണനയും അവരുടെ അന്തസ്സിന്റെ അപമാനവും നടന്നുവെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി. അടിയന്തരാവസ്ഥക്കെതിരായ പോരാട്ടത്തിൽ ഉറച്ചുനിന്ന എല്ലാവരെയും പ്രധാനമന്ത്രി അഭിവാദ്യം ചെയ്തു. വ്യത്യസ്ത പ്രത്യയശാസ്ത്രങ്ങളിലെ ആളുകൾ ഒരേ ലക്ഷ്യത്തോടെ ഒരുമിച്ച് പ്രവർത്തിച്ചതിന്റെ ഫലമായി ജനാധിപത്യം പുനഃസ്ഥാപിക്കാനായെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.