ഡൽഹി കീഴടക്കാൻ ഇലക്ട്രിക് സ്‌കൂട്ടറുകൾ

വർധിച്ചു വരുന്ന അന്തരീക്ഷ മലിനീകരണം ഡൽഹിക്കെന്നും തലവേദനയാണ്. ഇത് തടയുന്നതിന്റെ ഭാഗമായി 1000 ത്തോളം ഇലക്ട്രിക് സ്‌കൂട്ടറുകൾ വാങ്ങാൻ ഡൽഹി മുൻസിപ്പൽ കൗൺസിൽ ലക്ഷ്യമിടുന്നു. ഡൽഹിയിലെ വിവിധ ഇടങ്ങളിലായി രണ്ടുഘട്ടങ്ങളിലായി ഈ ഇ-സ്‌കൂട്ടറുകൾ സ്ഥാപിക്കും. ആപ്പ് വഴി ജനങ്ങൾക്ക് ഈ ഇലക്ട്രിക് സ്‌കൂട്ടറുകൾ വാടകക്ക് എടുക്കാം.

ആദ്യ ഘട്ടത്തിൽ മെട്രോ സ്റ്റേഷനുകൾ, ബസ് സ്റ്റോപ്പുകൾ, ആശുപത്രികൾ, റെയിൽവേ സ്റ്റേഷനുകൾ, മറ്റ് പൊതുസ്ഥലങ്ങൾ എന്നിവടങ്ങളിൽ പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയിൽ 50 ചാർജിംഗ് സ്റ്റേഷനുകളിൽ 500 ഇ-സ്‌കൂട്ടറുകൾ സ്ഥാപിക്കുമെന്ന് എൻ.ഡി.എം.സി വൈസ് ചെയർമാൻ ശ്രീ ഉപാധ്യായ പറഞ്ഞു. ആദ്യ ഘട്ടത്തിനായി ടെണ്ടറുകൾ തയ്യാറായെന്നും ഉപാധ്യായ കൂട്ടിച്ചേർത്തു.

മുഴുവൻ ചാർജിലാണെങ്കിൽ ഈ ഇ-സ്‌കൂട്ടറുകൾക്ക് 80 കിലോമീറ്ററോളം സഞ്ചരിക്കാം. ഇതിന് മണിക്കൂറിൽ 45 കിലോമീറ്റർ വരെ വേഗതയിൽ ഓടാനാകും. ഇ-സ്‌കൂട്ടർ സേവനം ഒരു വെബ് അധിഷ്ഠിത ആപ്ലിക്കേഷൻ വഴിയാണ് പ്രവർത്തിപ്പിക്കുക. യാത്രക്കാർ കുറഞ്ഞത് 15 മിനിറ്റെങ്കിലും സ്‌കൂട്ടർ വാടകയ്ക്കെടുക്കേണ്ടിവരും. മിനിറ്റിനായിരിക്കും നിരക്ക് ഈടാക്കുന്നതെന്നും ഉപാധ്യായ പറഞ്ഞു.

ഈ വാഹനങ്ങൾ പ്രവർത്തിപ്പിക്കാൻ ലൈസൻസ് ആവശ്യമുള്ളതിനാൽ എൻഡിഎംസി ഗതാഗത വകുപ്പിൽ രജിസ്റ്റർ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഇതിൽ രണ്ട് പേർക്ക് യാത്രചെയ്യാം. യാത്രക്കാർ നിർബന്ധമായും ഹെൽമറ്റ് ധരിക്കണം. വാഹനങ്ങളിൽ ജിപിഎസ് സംവിധാനവും ഉണ്ടായിരിക്കും, കൂടാതെ വാഹനം ദുരുപയോഗം ചെയ്യുന്നത് തടയാനായി പാലിക കേന്ദ്രത്തിലെ എൻഡിഎംസി കമാൻഡ് ആൻഡ് കൺട്രോൾ സെന്റർ ഉപയോക്താക്കളുടെ യാത്ര ട്രാക്ക് ചെയ്യും

\